India
മീററ്റില്‍ പഠിക്കുന്ന വിദ്യാര്‍ഥി ആ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാനായി മാത്രം ജമ്മുവിലേക്ക് വന്നെന്ന് കുറ്റപത്രംമീററ്റില്‍ പഠിക്കുന്ന വിദ്യാര്‍ഥി ആ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാനായി മാത്രം ജമ്മുവിലേക്ക് വന്നെന്ന് കുറ്റപത്രം
India

മീററ്റില്‍ പഠിക്കുന്ന വിദ്യാര്‍ഥി ആ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാനായി മാത്രം ജമ്മുവിലേക്ക് വന്നെന്ന് കുറ്റപത്രം

Khasida
|
5 Jun 2018 5:36 PM GMT

മീററ്റില്‍ പഠിക്കുകയായിരുന്ന വിശാല്‍ ജംഗോത്രയെ ജനുവരി 11 ന് കസിന്‍ ഫോണ്‍ ചെയ്ത് വരുത്തുകയായിരുന്നു. നിനക്ക് നിന്റെ കാമസംതൃപ്തിക്കായി ഇങ്ങോട്ടുവരാം എന്നായിരുന്നു കസിന്‍ വിശാലിനോട് ഫോണില്‍ പറഞ്ഞതെന്നും

ജമ്മുകശ്മീരിലെ എട്ടുവയസ്സുകാരിയെ ഓര്‍ത്ത് നടുങ്ങുകയാണ് രാജ്യം മുഴുവന്‍.. ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളില്‍ വെച്ചാണ് അവള്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്. അതും മണിക്കൂറുകളോളം, മയക്കുമരുന്നുപയോഗിച്ച് മയക്കിക്കിടത്തി... വീണ്ടും വീണ്ടും പീഡനം. ക്രൂരമായി കൊന്ന് തള്ളുംവരെ നീണ്ട ആറുപേരുടെ ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍..

അതിലൊരാളെ തന്റെ കാമപൂര്‍ത്തീകരണത്തിനായി മീററ്റില്‍ നിന്ന് പ്രത്യേകം ക്ഷണിച്ചുവരുത്തുകയായിരുന്നു... ക്രൂരമായ ബലാത്സംഗത്തിന് ശേഷം വലിയ കല്ലുപയോഗിച്ച് അവളുടെ തലയ്ക്കടിച്ചിരുന്നു.. അത് അവള്‍ മരിച്ചെന്ന് ഉറപ്പുവരുത്താനായിരുന്നു. മനഃസാക്ഷി മരവിച്ചുപോകുന്ന ക്രൂരകൃത്യങ്ങളാണ് പൊലീസിന്റെ കുറ്റപത്രത്തിലുള്ളത്. തിങ്കളാഴ്ചയാണ് 15 പേജ് നീളുന്ന കുറ്റപത്രം ജമ്മുകശ്മീര്‍ പോലീസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ സമര്‍പ്പിച്ചത്.

ജനവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്. ആ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതും ബലാത്സംഗം ചെയ്തതും പിന്നീട് കൊലപ്പെടുത്തിയതുമെല്ലാം ആസൂത്രിതമായി തന്നെയാണെന്നും പൊലീസ് പറയുന്നു. ഗ്രാമത്തിലെ മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ ഭയപ്പെടുത്തുക, അവിടെ നിന്ന് ഓടിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു അക്രമികളുടെ മുന്നിലുണ്ടായിരുന്നത്. അതിന് അവര്‍ കണ്ടുപിടിച്ച പൈശാചികമായ ഒരു വഴിയായിരുന്നു ഈ എട്ടുവയസ്സുകാരി.

പ്രദേശത്തെ ആ ചെറിയ അമ്പലത്തിന്റെ സൂക്ഷിപ്പുകാരന്‍ കൂടിയാണ് സംഭവത്തിലെ പ്രധാന പ്രതിയായ സഞ്ജിറാം. രസന സ്വദേശിയായ മന്നു എന്നറിയപ്പെടുന്ന പര്‍വേഷ് കുമാര്‍, സഞ്ജി റാവുവിന്റെ സുഹൃത്താണ്. ഇയാള്‍ വഴിയാണ് സ്പെഷല്‍ പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മയും കുറ്റകൃത്യത്തില്‍ പങ്കാളിയാകുന്നത്‍. സഞ്ജിറാമിന്റെ മകന്‍ ഷമ്മ എന്നറിയപ്പെടുന്ന വിശാല്‍ ജംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. മീററ്റില്‍ പഠിക്കുകയായിരുന്ന വിശാല്‍ ജംഗോത്രയെ ജനുവരി 11 ന് കസിന്‍ ഫോണ്‍ ചെയ്ത് വരുത്തുകയായിരുന്നു. നിനക്ക് നിന്റെ കാമസംതൃപ്തിക്കായി ഇങ്ങോട്ടുവരാം എന്നായിരുന്നു കസിന്‍ വിശാലിനോട് ഫോണില്‍ പറഞ്ഞതെന്നും പൊലീസിന്റെ കുറ്റപത്രത്തിലുണ്ട്.

കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിയാണ് പെണ്‍കുട്ടിയുടെ തലയില്‍ കല്ലുകൊണ്ട് അടിച്ചതും, പിന്നീട് അവളുടെ മൃതദേഹം കാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിച്ചതും. മൃതദേഹം കനാലില്‍ കളയാനായിരുന്നു അവര്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും കൃത്യസമയത്ത് വാഹനം ഏര്‍പ്പാടാക്കാന്‍ സാധിക്കാത്തതിനാല്‍ ആ പദ്ധതി പാളുകയായിരുന്നു. സഞ്ജിറാവുവിന്റെ മകനും പ്രായപൂര്‍ത്തിയാവാത്ത മരുമകനും സ്പെഷല്‍ പോലീസ് ഉദ്യോഗസ്ഥനായ ദീപക് ഖജൂരിയയുമാണ് കുട്ടിയെ പലതവണ ബലാത്സംഗത്തിന് ഇരയാക്കിയത്. ആവശ്യം കഴിഞ്ഞ് ആ പെണ്‍കുട്ടിയെ കൊല്ലാന്‍ തീരുമാനിക്കുന്നതിന് തൊട്ടുമുമ്പ് പോലും സ്പെഷല്‍ പോലീസ് ഉദ്യോഗസ്ഥനായ ദീപക് ഖജൂരിയ തനിക്ക് ഒന്നുകൂടി അവളെ ബലാത്സംഗം ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. തല കല്ലുകൊണ്ട് അടിച്ചുപൊട്ടിക്കുന്നതിന് തൊട്ടടുത്ത നിമിഷം പോലും അവള്‍ ക്രൂരമായ ബലാത്സംഗത്തിനാണ് ഇരയായത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരാന്‍ ഖജൂരിയ നേരത്തെ സമീപിച്ചത് സഞ്ജിറാവുവിന്റെ മരുമകനെ ആയിരുന്നു, പകരം പരീക്ഷയില്‍ വിജയം നേടാന്‍ സഹായിക്കാമെന്നായിരുന്നു വാഗ്ദാനം. പക്ഷേ, പിന്നീട് പദ്ധതി മാറുകയും പര്‍വേഷ് കുമാറിന്റെ സഹായത്തോടെ സഞ്ജിറാവുവിനെ കൂട്ടുപിടിക്കുകയുമായിരുന്നു. കസിന്റെ ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് തൊട്ടടുത്ത ദിവസമാണ് വിശാല്‍ ജംഗോത്ര കതുവയിലെത്തുന്നത്. തുടര്‍ന്ന് മയങ്ങിക്കിടക്കുന്ന പെണ്‍കുട്ടിയെ അയാളും അമ്പലത്തില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ചുറ്റുമുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാനായി സഞ്ജിറാവുവും മരുമകനും അമ്പലത്തിലെ പൂജകളും മറ്റ് ചടങ്ങുകളും ഒന്നും മുടക്കിയതുമില്ല. പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ അത് കാട്ടില്‍ക്കൊണ്ടുപോയിട്ട് മതി എന്ന് തീരുമാനിച്ചത് സഞ്ജിറാവു ആയിരുന്നു.

കുറ്റപത്രം പ്രകാരം രണ്ട് പൊലീസുകാര്‍ കൂടി കുറ്റകൃത്യത്തില്‍ പങ്കാളിയായിട്ടുണ്ട്. അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ്കോണ്‍സ്റ്റബ്ള്‍ തിലക്രാജ്. തെളിവുനശിപ്പിക്കാന്‍ സഹായിച്ചു എന്നതാണ് ഇരുവര്‍ക്കും പേരിലുള്ള കുറ്റം. ഇതിനായി 4 ലക്ഷം രൂപയാണ് സഞ്ജിറാമില്‍ നിന്ന് ഇരുവരും കൈപ്പറ്റിയത്. വിദ്യാര്‍ത്ഥിയായ പ്രതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നത് അയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്നാണ്. പക്ഷേ, അത് അംഗീകരിക്കാന്‍ കോടതി തയ്യാറായിട്ടില്ല.

ജനുവരി 17 നാണ് ഗ്രാമത്തിന് സമീപമുള്ള കാട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ജനുവരി 10 ന് കുതിരയെ പുല്ല് തീറ്റിക്കാനായി കൊണ്ടുപോയതായിരുന്നു അവള്‍. കേസിലുള്‍പ്പെട്ടവര്‍ കുതിരയെ കണ്ടെത്തിത്തരാം എന്ന് പറഞ്ഞ് അവളെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുട്ടിയെ കാണാതായ തൊട്ടടുത്ത ദിവസം തന്നെ മാതാപിതാക്കള്‍ ക്ഷേത്രത്തിലേക്ക് കുട്ടിയെ അന്വേഷിച്ചെത്തുകയും സഞ്ജിറാവുവിനോട് മകളെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവള്‍ ബന്ധുവീട്ടിലോ മറ്റോ പോയിട്ടുണ്ടാകും എന്ന മറുപടിയാണ് അയാള്‍ നല്‍കിയത്. ക്ഷേത്രത്തിനുള്ളില്‍ അയാള്‍ കുട്ടിയെ മയക്കിക്കിടത്തുകയായിരുന്നുവെന്ന് ചാര്‍ജ് ഷീറ്റില്‍ പറയുന്നുണ്ട്.

മൃതദേഹം കണ്ടെത്തി ഒരാഴ്ചയ്ക്ക് ശേഷം ജനുവരി 23 നാണ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. പൊലീസിന് ആദ്യമേ തന്നെ സഞ്ജിറാമില്‍ സംശയമുണ്ടായിരുന്നു. മീററ്റില്‍ പഠിക്കുകയായിരുന്ന മകന്‍ വിശാലിനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം മാര്‍ച്ച് 20 ന് സഞ്ജി റാം പൊലീസില്‍ കീഴടങ്ങുകയായിരുന്നു. തെളിവ് നശിപ്പിക്കാന്‍ ഫോറന്‍സിംഗ് പരിശോധനയ്ക്ക് അയക്കുംമുമ്പ് പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ അലക്കിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.

Related Tags :
Similar Posts