കത്‍വ, ഉന്നാവോ: ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ നിരാഹാര സമരം തുടരുന്നു
|കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം നാല് ദിനം പിന്നിട്ടു.
കത്‍വ, ഉന്നാവോ പീഡന കേസുകളില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നു. കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം നാല് ദിനം പിന്നിട്ടു. കേസിന് തടസ്സമുണ്ടാകും വിധം പ്രതിഷേധിച്ച ജമ്മുവിലെ അഭിഭാഷകരുടെ സമീപനത്തിനെതിരെ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം അഭിഭാഷകര്‍ പ്രതിഷേധിച്ചു.
കത്‍വ, ഉന്നാവോ ഉള്‍പ്പെടെയുള്ള ലൈംഗിക പീഡന കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ വെള്ളിയാഴ്ച്ച ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്. കത്‍വ കേസിന് തടസമുണ്ടാക്കും വിധം പ്രതിഷേധിക്കുന്ന ജമ്മു കശ്മീരിലെ അഭിഭാഷകരുടെ സമീപനത്തിനെതിരെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അഭിഭാഷകരും പ്രതിഷേധിച്ചിരുന്നു. അതിനിടെ കത്‍വ കേസില്‍ കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.
കത്‍വ പീഡന കൊലപാതക കേസിൽ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന പിതാവിന്റെ ആവശ്യത്തില്‍ ജമ്മു കശ്മീർ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കുടുംബത്തിനും അഭിഭാഷകക്കും സുരക്ഷ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കത്‍വ ജില്ലാ കോടതിയിൽ ആരംഭിച്ച കേസിന്‍റെ വിചാരണ ഈ മാസം 28ലേക്ക് മാറ്റിവെച്ചു. ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ ലൈംഗിക പീഡന കേസില്‍ സിബിഐ കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു.