ഒരു കിലോ ഉള്ളിക്ക് കര്‍ഷകന് ലഭിക്കുന്ന വില 50 പൈസ; ആത്മഹത്യയല്ലാതെ വഴിയില്ലെന്ന് കര്‍ഷകര്‍
|കര്‍ഷക ആത്മഹത്യകള്‍ എന്തുകൊണ്ട് പെരുകുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം തേടി അധികമൊന്നും അലയേണ്ട, ഗവേഷണവും നടത്തേണ്ട.
കര്‍ഷക ആത്മഹത്യകള്‍ എന്തുകൊണ്ട് പെരുകുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം തേടി അധികമൊന്നും അലയേണ്ട, ഗവേഷണവും നടത്തേണ്ട. മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശികളായ ചില കര്‍ഷകരുടെ അനുഭവത്തിന് ചെവി കൊടുത്താന്‍ മാത്രം മതി. 'കുറച്ച് കാലം മുമ്പ് വരെ കര്‍ഷകര്‍ എന്തിനാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ഓര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്. പക്ഷേ കഴിഞ്ഞ ദിവസം അതിന്റെ കാരണം എനിക്കും മനസിലായി. ഇപ്പോള്‍ ഞാനും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചുപോകുകയാണ്.' - പറയുന്നത് മറ്റാരുമല്ല, ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ കര്‍ഷകരില്‍ ഒരാളാണ്.
മറാത്താവാഡയിലെ തന്നെ ഏറ്റവും വലിയ മൊത്തക്കച്ചവട ചന്തകളിലൊന്നാണ് ലസൂര്‍. ഇവിടെ ഒരു കിലോഗ്രാം ഉള്ളി വില്‍ക്കുമ്പോള്‍ കര്‍ഷകന് ലഭിക്കുന്ന വില വെറും 50 പൈസ മാത്രമാണ്. അതായത് വെറുതെ കളയുന്നതിന് തുല്യം. നൂറു കിലോഗ്രാം ചെറിയ ഉള്ളിയോ സവാളയോ വില്‍ക്കുമ്പോള്‍ 500 മുതല്‍ 600 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില. എന്നാല്‍ കഴിഞ്ഞദിവസം 450 കിലോഗ്രാം ചെറിയ ഉള്ളി വില്‍പ്പന നടത്തിയിട്ടും 175 രൂപയാണ് വില കിട്ടിയതെന്ന് കര്‍ഷകരില്‍ ഒരാള്‍ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണിയായ ലാസല്‍ഗോണില്‍ ഒരു ക്വിന്റല്‍ 720 രൂപയ്ക്ക് വിറ്റെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസം ഇത് ഒരു ക്വിന്റലിന് 750 രൂപയായിരുന്നു വില. ഉള്ളി ഉല്‍പ്പാദനം ഗണ്യമായി വര്‍ധിച്ചതും കര്‍ഷകര്‍ക്ക് ഇത് സൂക്ഷിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുമാണ് വിലയിടിച്ചത്. അതേസമയം, ഏക്കറിന് 50,000 മുതല്‍ 80,000 വരെ കൃഷിക്ക് മുടക്കിയ കര്‍ഷകര്‍ക്ക് കനത്ത നഷ്ടമാണ് വിലയിടിച്ചിലിലൂടെയുണ്ടായിരിക്കുന്നത്. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് നിരവധി കരിമ്പിന്‍ കര്‍ഷകര്‍, ഉള്ളി കൃഷിയിലേക്ക് തിരിഞ്ഞിരുന്നു.