India
ബാങ്ക് ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കും: ഇടപാടുകള്‍ തടസപ്പെടുംബാങ്ക് ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കും: ഇടപാടുകള്‍ തടസപ്പെടും
India

ബാങ്ക് ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കും: ഇടപാടുകള്‍ തടസപ്പെടും

Sithara
|
5 Jun 2018 7:44 AM GMT

സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. വന്‍കിടക്കാരുടെ കിട്ടാക്കടം മൂലമുണ്ടായ നഷ്ടത്തിന്‍റെ പേരില്‍ ജീവനക്കാരെ വേട്ടയാടുകയാണെന്നാണ് ആക്ഷേപം.

ഇന്നും നാളെയും രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ നടത്തുന്ന സമരം മൂലം ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടും. സേവന, വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വന്‍കിടക്കാരുടെ കിട്ടാക്കടം മൂലമുണ്ടായ നഷ്ടത്തിന്‍റെ പേരില്‍ ജീവനക്കാരെ വേട്ടയാടുകയാണെന്നാണ് ആക്ഷേപം.

നാല് വര്‍ഷം കൂടുമ്പോഴാണ് ബാങ്കുജീവനക്കാരുടെ സേവന വേതന കരാര്‍ പുതുക്കാറുണ്ടായിരുന്നത്. പിന്നീട് ഇത് അഞ്ച് വര്‍ഷമായി മാറി. ബാങ്ക് മാനേജ്മെന്‍റ് അസോസിയേഷന്‍ ബാങ്ക് ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പുതിയ സേവന വേതന കരാര്‍ നടപ്പാക്കുക. നിലവിലുള്ള കരാര്‍ കഴിഞ്ഞ ഒക്ടോബറില്‍ അവസാനിച്ചു. എന്നാല്‍ ഇതിന് ശേഷം 15 തവണ ചര്‍ച്ച നടത്തിയിട്ടും ജീവനക്കാര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെന്നാണ് ആരോപണം.

ശമ്പളത്തില്‍ രണ്ട് ശതമാനം വര്‍ധനവ് നടപ്പാക്കാമെന്ന വാഗ്ദാനമാണ് ബാങ്ക് മാനേജ്മെന്‍റ് അസോസിയേഷന്‍ മുന്നോട്ട് വെച്ചത്. ഇത് ജീവനക്കാര്‍ തള്ളി. ഇതോടെയാണ് രണ്ട് ദിവസം പണിമുടക്കാന്‍ ബാങ്ക് യൂണിയനുകളുടെ സംയുക്ത വേദിയായ യുഎഫ്ബിയു തീരുമാനിച്ചത്.

കിട്ടാക്കടത്തിന്‍റെ പേരില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുകയാണെന്നാണ് യൂണിയനുകളുടെ പരാതി. സഹകരണ ഗ്രാമീണ്‍ ബാങ്കുകള്‍ ഒഴികെയുള്ള മുഴുവന്‍ ബാങ്കുകളിലേയും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കുചേരുമെന്നാണ് യൂണിയനുകള്‍ അറിയിച്ചിരിക്കുന്നത്. 10 ലക്ഷത്തോളം ജീവനക്കാര്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കും. സംസ്ഥാനത്തെ ബാങ്കിങ് ഇടപാടുകള്‍ രണ്ട് ദിവസം പൂര്‍ണമായും സ്തംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

Related Tags :
Similar Posts