ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രണബ് കുമാര്‍ മുഖര്‍ജിയുടെ തീരുമാനത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷം
|പ്രണബ് മുഖര്‍ജി പരിപാടിയില്‍ പങ്കെടുക്കുന്നത് അഭികാമ്യമല്ലെന്ന് മുതിര്‍ന്ന നേതാവ് വീരപ്പമൊയ്ലി പറഞ്ഞു.
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ തീരുമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. പ്രണബ് മുഖര്‍ജി പരിപാടിയില്‍ പങ്കെടുക്കുന്നത് അഭികാമ്യമല്ലെന്ന് മുതിര്‍ന്ന നേതാവ് വീരപ്പമൊയ്ലി പറഞ്ഞു.
അതേസമയം ബിജെപിയുടെ പ്രത്യയ ശാസ്ത്രം മെച്ചപ്പെടുത്താന്‍ പ്രണബ് മുഖര്‍ജിയുടെ ചിന്തകള്‍ക്ക് കഴിയുമെന്നായിരുന്നു സുഷീല്‍ കുമാര്‍ ഷിന്‍ഡെയുടെ പ്രതികരണം. ആര്‍എസ് എസ് പരിപാടിയില്‍ മുഖ്യാതിഥിയാകാനുള്ള ക്ഷണം പ്രണബ് മുഖര്‍ജി സ്വീകരിച്ചതില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ രൂക്ഷമായിരിക്കെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നത പുറത്ത് വന്നിരിക്കുന്നത്. അനുകൂലിക്കുന്ന നേതാക്കളും എതിര്‍ക്കുന്ന നേതാക്കളും പരസ്യ പ്രതികരണത്തിലേക്ക് കടന്നിരിക്കുകയാണ്. ആര്‍എസ്എസ് പരിപാടിയില്‍ പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നത് അഭികാമ്യമല്ലാത്ത സന്ദേശമാണ് രാജ്യത്തിന് നല്‍കുകയെന്ന് മുതിര്‍ന്ന നേതാവ് വീരപ്പമൊയ്ലി പറഞ്ഞു. എന്നാല്‍ പ്രണവ് മുഖര്‍ജിയുടെ തീരുമാനത്തില്‍ തെറ്റില്ലെന്നാണ് സുഷീല്‍ കുമാര്‍ ഷിന്‍ഡെയുടെ പ്രതികരണം.
ജൂണ്‍ 7ന് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വച്ചാണ് മുഴുവന്‍ സമയ പ്രചാരകരെ സൃഷ്ടിക്കാനുള്ള ആര്‍എസ് എസിന്റെ സംഘ ശിക്ഷ വര്‍ഗ് സമാപന സമ്മേളനം നടക്കുന്നത്. ആരോപണങ്ങള്‍ ശക്തമാകവെ തനിക്ക് എന്താണ് പറയാനുള്ളതെന്ന് നാഗ്പൂരില്‍ പറയുമെന്ന് കഴിഞ്ഞ ദിവസം പ്രണബ് മുഖര്‍ജി വിശദീകരിച്ചിരുന്നു.