കോണ്‍ഗ്രസ് പാകിസ്താനുമായി ചേര്‍ന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചോ? പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ മറുപടിയിങ്ങനെ..
|പാകിസ്താനുമായി ചേര്‍ന്ന് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം ഔദ്യോഗികമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലല്ലെന്ന് വിവരാവകാശ രേഖ.
പാകിസ്താനുമായി ചേര്‍ന്ന് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം ഔദ്യോഗികമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലല്ലെന്ന് വിവരാവകാശ രേഖ. ഔദ്യോഗികവും അനൌദ്യോഗികവും ആയി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തുന്നതെന്ന് പിഎംഒ അറിയിച്ചു. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പാകിസ്താനുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ശ്രമിച്ചെന്ന് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി ആരോപിച്ചത്. എവിടെ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ പരാമര്‍ശമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സാകേത് ഗോഖലയാണ് വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചത്. ഏറെ ഗൌരവമേറിയ വിഷയത്തില്‍ ഇതുവരെ എന്ത് നടപടിയാണ് എടുത്തത് എന്ന ചോദ്യവും അപേക്ഷയിലുണ്ടായിരുന്നു.
എന്നാല്‍ ഔദ്യോഗികവും അനൌദ്യോഗികവും ആയ വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി സംസാരിക്കുക എന്നായിരുന്നു ഓഫീസിന്‍റെ മറുപടി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ ഇല്ലെന്നും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പരാമര്‍ശം നേരത്തെ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിഷയത്തില്‍ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഏതാനും ദിവസം തടസ്സപ്പെടുകയും ചെയ്തു.
മുന്‍ പാക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസ്‌രിക്ക് മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ നല്‍കിയ അത്താഴ വിരുന്നിന്‍റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പരാമര്‍ശം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ കരസേനാ മേധാവി ദീപക് കപൂര്‍ തുടങ്ങിയവര്‍ അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നു.