വാജ്‌പെയിയുടെ ആരോഗ്യനില തൃപ്തികരം
|വൃക്കയുടെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാജ്പെയിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു...
മുന്‍ പ്രധാനമന്ത്രി എബി വാജ്‌പെയിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വൃക്കയുടെ പ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടിരുന്നു.
പതിവ് പരിശോധനകള്‍ക്കായാണ് മുന്‍പ്രധാനമന്ത്രി എബി വാജ്‌പേയിയെ കഴിഞ്ഞ ദിവസം ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. വൃക്കയുടെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിട്ടതോടെ അദ്ദേഹം ഡോക്ടര്‍മാര്‍മരുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ആരോഗ്യനിലതൃപ്തികരമാണെന്ന് എയിംസ് ആശുപത്രി ഇന്ന് പുറത്ത് വിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അണുബാധ പൂര്‍ണമായും മാറുംവരെ ആശുപത്രിയില്‍ തുടരുമെന്നും ബുള്ളറ്റിനിലുണ്ട്. വാജ്‌പേയിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയും പറഞ്ഞു. എംഡിഎംകെ നേതാവ് വൈക്കോയും ഇന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി, തുടങ്ങിയവര്‍ വാജ്‌പെയിയെ കഴിഞ്ഞ ദിവസം എയിംസിലെത്തി സന്ദര്‍ശിച്ചിരുന്നു. തൊണ്ണൂറ്റിമൂന്നുകാരനായ അടല്‍ ബിഹാരി വാജ്‌പേയി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലാണ്.