എലി പ്രസ്താവന; രാജസ്ഥാന് മന്ത്രിയുടെ മൂക്കും ചെവിയും അരിയുമെന്ന് കര്‍ണിസേന
|തിങ്കളാഴ്ച നടന്ന മന്ത്രിസഭാ വിശദീകരണ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു കിരണിന്റെ വിവാദ പ്രസ്താവന
തങ്ങളെ എലികളോട് താരതമ്യപ്പെടുത്തിയ രാജസ്ഥാന് വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരിക്കെതിരെ ഭീഷണിയുമായി കര്‍ണിസേന. മന്ത്രിയുടെ മൂക്കും ചെവിയും അരിയുമെന്നാണ് കര്‍ണിസേനയുടെ ഭീഷണി.
തിങ്കളാഴ്ച നടന്ന മന്ത്രിസഭാ വിശദീകരണ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു കിരണിന്റെ വിവാദ പ്രസ്താവന. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിന് മുന്‍പായി ബി.ജെ.പിക്കെതിരെ വലിയ ക്യാമ്പയിനുമായി സര്‍വ് രജ്പുത് സമാജ് സംഘര്‍ഷ് സമിതി രംഗത്തെത്തുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മഴക്കാലമാവുമ്പോള്‍ മാളത്തില്‍ നിന്ന് പുറത്തിറങ്ങുന്ന എലികളെപ്പോലെയാണ് തെരഞ്ഞെടുപ്പുകാലത്ത് പൊന്തിവരുന്ന ഇവര്‍ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
മന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ രൂക്ഷ വിമര്‍ശവുമായി സംഘടന രംഗത്തെത്തി. മന്ത്രി തങ്ങളെ അപമാനിച്ചെന്നും മാപ്പ് പറഞ്ഞേ തീരൂവെന്നും ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ കര്‍ണിസേന സംസ്ഥാന പ്രസിഡന്റ് മഹിപാല്‍ സിംഗ് മക്രാന ആവശ്യപ്പെട്ടു. പത്മാവത് സിനിമയ്ക്ക് പിന്നാലെ ദീപിക പദുക്കോണിനുണ്ടായ അനുഭവം മന്ത്രി ഓര്‍ക്കണമെന്നും സംഘടന പറഞ്ഞു. എന്നാല്‍ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും വാക്കുകളെ വളച്ചൊടിച്ചതാണെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. പ്രസ്താവനയെ കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ് അപലപിച്ചു. കിരണ്‍ മഹേശ്വരി രജ്പുത് സമൂഹത്തോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.