"ഇത് എന്‍റെ രാജ്യം തന്നെയാണോ?" മോദി സര്‍ക്കാര്‍ തന്നെ നിശബ്ദയാക്കാന്‍ നോക്കുന്നുവെന്ന് ബര്‍ഖ ദത്ത്
|മാധ്യമ രംഗത്ത് നിന്നും തന്നെ മാറ്റിനിര്‍ത്താനും നിശബ്ദയാക്കാനും മോദി സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ ശ്രമിക്കുന്നുവെന്നാണ് ബര്‍ക്ക വിശദമാക്കിയത്
താനും തന്‍റെ കുടുംബവും ഉന്നതാധികാര കേന്ദ്രങ്ങളില്‍ നിന്നും ഭീഷണി നേരിടുന്നുവെന്ന് മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്. മാധ്യമ രംഗത്ത് നിന്നും തന്നെ മാറ്റിനിര്‍ത്താനും നിശബ്ദയാക്കാനും മോദി സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ ശ്രമിക്കുന്നുവെന്നാണ് ബര്‍ക്ക വിശദമാക്കിയത്. ഇത് യഥാര്‍ത്ഥത്തില്‍ എന്‍റെ രാജ്യം തന്നെ ആണോയെന്നും ബര്‍ഖ ദത്ത് ചോദിക്കുന്നു.
പുതിയ പ്രൊജക്ടില്‍ നിന്നും തന്നെ പിന്തിരിപ്പിക്കാനും ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത് തടയാനും സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബര്‍ഖ വിശദീകരിച്ചു. ടിവി ചാനല്‍ തുടങ്ങാന്‍ കണ്‍സള്‍ട്ടിങിനായി ചിലര്‍ തന്നെ സമീപിപ്പിച്ചപ്പോള്‍ ബിജെപി നേതാക്കള്‍ പറഞ്ഞത് പുതിയൊരു ചാനല്‍ വരാതിരിക്കാന്‍ ഈ സര്‍ക്കാര്‍ എന്തുനിയമവും പ്രയോഗിക്കും എന്നാണെന്ന് ബര്‍ഖ വിശദീകരിച്ചു.
കഴിഞ്ഞ ഒന്നര വര്‍ഷമായി ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്‍റെ റിപബ്ലിക് ടിവിക്ക് മാത്രമാണ് ലൈസന്‍സ് ലഭിച്ചതെന്ന് ബര്‍ഖ ചൂണ്ടിക്കാട്ടുന്നു. അപേക്ഷിച്ച് മൂന്ന് മാസം കൊണ്ട് റിപബ്ലിക്കിന് ലൈസന്‍സ് നല്‍കിയപ്പോള്‍ മറ്റ് അപേക്ഷകളില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഒരു തീരുമാനവും എടുത്തില്ല.
ഫോണ്‍ ചോര്‍ത്തല്‍, ഇന്‍കം ടാക്സ് റെയ്ഡ്, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിങ്ങനെ ഏത് വഴിയിലൂടെയും തന്നെ പുതിയ ചാനല്‍ തുടങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ ഗൂഢാലോചന നടത്തിയതായി വിവരം ലഭിച്ചെന്നും ബര്‍ഖ പറഞ്ഞു. 'നിങ്ങള്‍ ഞങ്ങളുടെ കൂടെയല്ലെങ്കില്‍ ജോലി ചെയ്യാന്‍ സമ്മതിക്കില്ല' എന്ന സന്ദേശമാണ് മോദി സര്‍ക്കാര്‍ നല്‍കുന്നതെന്നും ബര്‍ഖ വിമര്‍ശിച്ചു.