India
സ്വകാര്യ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ വകുപ്പുകളിലേക്ക് നിയമനം; മോദി സര്‍ക്കാരിനെതിരെ പ്രതിഷേധംസ്വകാര്യ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ വകുപ്പുകളിലേക്ക് നിയമനം; മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം
India

സ്വകാര്യ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ വകുപ്പുകളിലേക്ക് നിയമനം; മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം

Sithara
|
18 Jun 2018 4:34 AM GMT

മോദി സര്‍ക്കാരിന്‍റെ നീക്കം നിര്‍ണായക സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള രാഷ്ട്രീയ നിയമനമാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോയിന്‍റ് സെക്രട്ടറിയമാരായി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. യോഗ്യതയുള്ളവരെ തേടി സര്‍ക്കാര്‍ പരസ്യം പുറപ്പെടുവിച്ചു. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ കരാര്‍ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് നിയമനം നല്‍കുക. മോദി സര്‍ക്കാരിന്‍റെ നീക്കം നിര്‍ണായക സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള രാഷ്ട്രീയ നിയമനമാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

സ്വകാര്യ മേഖലയില്‍ ഉള്ളവരെ സര്‍ക്കാര്‍ സര്‍വീസിലേക്ക് നിയമിക്കാമെന്ന നിര്‍ദേശം ആദ്യം സര്‍ക്കാരിന് മുന്നില്‍ വച്ചത് നീതി ആയോഗാണ്. കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ ജോയിന്‍റ് സെക്രട്ടറിമാരുടെ എണ്ണത്തില്‍ കുറവുണ്ടെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഈ തസ്തികയില്‍ നിയമിക്കുന്നതായിരുന്നു നിലവിലെ കീഴ്‌വഴക്കം,

സ്വകാര്യമേഖലയില്‍ നിന്ന് യോഗ്യരായവരെ തേടി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പരസ്യം നല്‍കി. റവന്യൂ, ധനവകുപ്പ്, റോഡ് ഗതാഗതം, വ്യവസായം ഉള്‍പ്പെടെ 10 വകുപ്പുകളിലേക്കായാണ് നിയമനം. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാപ്പെടുന്ന തസ്തികയില്‍ ഒരു ലക്ഷത്തി നാല്‍പ്പത്തിനാലായിരത്തി ഇരുനൂറ് രൂപ മുതല്‍ രണ്ട് ലക്ഷത്തി പതിനെട്ടായിരത്തി ഇരുന്നൂറ് രൂപ ശമ്പളവും ലഭിക്കും.

ഭരണഘടനാ ലംഘനവും സംവരണ വിരുദ്ധവുമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ട്വീറ്റ് ചെയ്തു. ഇപ്പോള്‍ പത്ത് ജോയിന്‍റ് സെക്രട്ടറിമാരെയാണ് നിയമിക്കുന്നതെങ്കിലും വൈകാതെ കൂടുതല്‍ പേരെ സ്വകാര്യ മേഖലയില്‍ നിന്ന് നേരിട്ട് നിയമിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നേരത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് നേരിട്ട് നിയമനം നല്‍കാതെ ഫൌണ്ടേഷന്‍ കോഴ്സ് കൂടി നടത്തി നിയമിക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശവും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Similar Posts