ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം; ചര്‍ച്ചക്ക് തയ്യാറാകാതെ ലഫ്റ്റനന്റ് ഗവര്‍ണര്‍
|സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്തും.
ഡല്‍ഹി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭരണ പ്രതിസന്ധി രൂക്ഷം. അരവിന്ദ് കെജ്‌രിവാളും മന്ത്രിമാരും നടത്തുന്ന സമരം തുടരുമ്പോഴും ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍. സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്തും.
തീരുമാനമെടുക്കാതെ മുന്നോട്ട് പോകുന്ന ലെഫ്റ്റനന്റ് ഗവര്‍ണറെയും കേന്ദ്ര സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കാന്‍ സമരം വ്യാപിപ്പിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. വിവിധ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതിനോടൊപ്പം വീടുകള്‍ കയറി ആളുകളുടെ ഒപ്പ് ശേഖരണവും നടത്തും. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അയക്കുന്ന കത്തിലേക്കാണ് ഒപ്പുകള്‍ ശേഖരിക്കുന്നത്. ഇതിന് പുറമെ നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമെന്നും പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.
കൂടിക്കാഴ്ചക്കായി മനീഷ് സിസോദിയ രേഖാമൂലം ലെഫ്റ്റനന്റ് ഗവര്‍ണറുടെ സമയം ചോദിച്ചിട്ടും ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല. നാളെ നടക്കുന്ന നീതി ആയോഗിന്റെ യോഗത്തില്‍ മുഖ്യമന്ത്രി കെജ്‍രിവാള്‍ പങ്കെടുക്കേണ്ടതായിരുന്നു. സമരം അവസാനിപ്പിച്ച് യോഗത്തില്‍ പങ്കെടുക്കാന്‍ തന്നെ അനുവദിക്കണമെന്നും കെജ്‍രിവാള്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.