ജമ്മുകശ്‍മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം പിരിഞ്ഞു; മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെച്ചു
|മെഹബൂബ മുഫ്തി സര്‍ക്കാരില്‍ നിന്ന് ബി.ജെ.പി പിന്‍മാറി
ജമ്മു കശ്മീരിലെ പി.ഡി.പി-ബി.ജെ.പി സഖ്യം വേര്‍പിരിഞ്ഞു. ഇന്ന് ചേര്‍ന്ന ബിജെപിയുടെ നിര്‍ണായക യോഗത്തിലാണ് തീരുമാനമുണ്ടായത്. പിന്നാലെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെച്ചു. മെഹബൂബ മുഫ്തി സര്‍ക്കാരില്‍ നിന്ന് പിന്‍മാറുകയാണെന്ന് അറിയിച്ചത് ബി.ജെ.പിയാണ്. സഖ്യവുമായി തുടര്‍ന്ന് മുന്നോട്ട് പോകാനാവില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് അറിയിച്ചു.
ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ദയനീയമെന്നും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം പിഡിപിയുടെ തലയില്‍ കെട്ടിവെക്കുന്ന ഒരു നീക്കമാണ് ബിജെപി നടത്തിയിരിക്കുന്നത്. ഈ ആക്ഷേപം ഉന്നയിച്ചാണ് ബി.ജെ.പി ഇപ്പോള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. എന്തുദ്ദേശിച്ചാണോ സഖ്യം രൂപീകരിച്ചത് ആ ഉദ്ദേശം നടപ്പിലായില്ലെന്നാണ് ബി.ജെ.പിയുടെ വാദം.
2014 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ബി.ജെ.പി-പി.ഡി.പി സഖ്യം രൂപീകരിച്ചത്. കത്‍വ സംഭവത്തിനു ശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളാണ് സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് വഴിവച്ചത്. റമദാന്‍ കാലത്ത് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പുനഃസ്ഥാപിച്ചതിനെ ചൊല്ലിയും ഇരു കക്ഷികളും തമ്മില്‍ ഭിന്നത ഉടലെടുത്തിരുന്നു.
കശ്മീരില്‍ ഭരണപ്രതിസന്ധിക്ക് വഴിവയ്ക്കുന്നതാണ് ബി.ജെ.പിയുടെ തീരുമാനം. ദേശീയരാഷ്ട്രീയത്തിലും ഇത് നിര്‍ണായക വഴിത്തിരിവാകും. ബി.ജെ.പിക്ക് ഇരുപത്തിയഞ്ച് എം.എല്‍.എമാരും പി.ഡി.പിക്ക് 28 എംഎല്‍എമാരുമാണുള്ളത്. ജമ്മുകശ്മീരീല്‍ നിന്നുള്ള എംഎല്‍എമാരുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സഖ്യം പിരിയുകയാണെന്നുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.