പൊലീസുകാരുടെ ദാസ്യപ്പണിക്കെതിരെ മദ്രാസ് ഹൈക്കോടതി
|തമിഴ്നാട്ടില്‍ പൊലീസുകാരെ കൊണ്ട് വീട്ടുജോലിയെടുപ്പിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി.
തമിഴ്നാട്ടില്‍ പൊലീസുകാരെ കൊണ്ട് വീട്ടുജോലി എടുപ്പിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി. പൊലീസുകാര്‍ക്ക് അവരുടെ ജോലി മാത്രം നല്‍കണം. ഭരണം മാറുന്നതിനനുസരിച്ച് പൊലീസുകാര്‍ ദാസ്യപ്പണി ചെയ്യേണ്ട അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു. പൊലീസുകാരെ കൊണ്ട് വീട്ടുജോലിയെടുപ്പിച്ച കേസ് കേരളത്തില്‍ വിവാദമായ സാഹചര്യത്തില്‍ കൂടിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുജോലിക്ക് സഹായികളെ നിയോഗിക്കണം. ശമ്പളം ഉദ്യോഗസ്ഥര്‍ നല്‍കുകയും വേണം. ഇതിന് പൊലീസുകാരെ ഉപയോഗിക്കാന്‍ പാടില്ല. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് സേനയില്‍ തുടരാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കൃപാകരന്‍ പറഞ്ഞു. പൊതുജന സേവകര്‍ എന്നാണ് പൊലീസിനെ പറയുന്നത്. എന്നാല്‍ ഇവര്‍ എന്തു സേവനമാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. രാമനാഥപുരത്ത് പരുക്കേറ്റ ഗുണ്ടയെ കാണാന്‍ മന്ത്രിയെത്തിയത് തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്കും പൊലീസിനും നല്‍കുന്നതെന്നും കോടതി വിമര്‍ശിച്ചു.
തമിഴ്നാട് പൊലീസ് സേനയില്‍ ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് അധ്യക്ഷനായ സമിതി രൂപീകരിക്കണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ നടപ്പായില്ല. ഇതിനെതിരെ അഡ്വ. പുരുഷോത്തമന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. ഓര്‍ഡര്‍ലി സമ്പ്രദായം സംബന്ധിച്ച് വ്യക്തമായ സര്‍ക്കുലര്‍ ഡിജിപി ഇറക്കിയിട്ടുണ്ടെന്നും അതിനാല്‍ പ്രത്യേക സമിതിയെ ഇതിനായി നിയോഗിക്കേണ്ട കാര്യമില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ. അരവിന്ദ് പാണ്ഡ്യന്‍ പറഞ്ഞു. എന്നാല്‍ ഇത് പലയിടത്തും തുടരുന്നുണ്ടെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.
സമിതി രൂപീകരണം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി, സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് 26ന് വീണ്ടും പരിഗണിക്കും.