India
“പോകരുത് സര്‍”; പ്രിയ അധ്യാപകന്റെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി ഒരു വിദ്യാലയം  
India

“പോകരുത് സര്‍”; പ്രിയ അധ്യാപകന്റെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി ഒരു വിദ്യാലയം  

Web Desk
|
21 Jun 2018 4:47 PM GMT

നിറകണ്ണുകളോടെ അദ്ദേഹത്തിന് ചുറ്റും കുടി, കെട്ടിപ്പിടിച്ചു, പോകരുത് സർ എന്ന് കേണപേക്ഷിച്ചു

അറിവ് പകർന്നു കൊടുക്കുന്ന കുരുന്നുകളിൽ സ്വാധീനം ചെലുത്താൻ സാധിക്കുന്നവരാണ് യഥാർത്ഥ അധ്യാപകർ. അവരാണ് വെളിച്ചം വഹിച്ചു മുന്നിൽ നിന്ന് വഴികാണിക്കാൻ പ്രാപ്തർ. കേവല അധ്യാപക-വിദ്യാർത്ഥി ബന്ധത്തിലുപരി കുഞ്ഞുഹൃദയങ്ങൾ സ്നേഹം കൊണ്ട് കീഴടക്കാൻ അസാമാന്യ കരവിരുതുള്ളവരാണ് നമ്മുടെ വിദ്യാലയ ഓർമ്മകളിൽ അമരമായി നിലനില്കുന്നത്. അത്തരമൊരു സ്നേഹത്തിന്റെ കഥയാണ് തമിഴ്നാട്ടിലെ ഒരു സ്കൂളിൽ നിന്നും ഈയടുത്തായി കേട്ടത്.

തങ്ങളുടെ പ്രിയ അധ്യാപകൻ സ്ഥലംമാറ്റം ലഭിച്ചു മറ്റൊരു സ്കൂളിലേക്കു പോവുകയാണെന്ന വാർത്ത ഉൾക്കൊള്ളാനാവുമായിരുന്നില്ല തമിഴ് നാട്ടിലെ തിരുവള്ളൂരിലെ സര്‍ക്കാര്‍ ഹൈസ്കൂളിലെ കുരുന്നുകൾക്. സ്ഥലംമാറ്റത്തിനുള്ള ഉത്തരവും കയ്യിൽ പിടിച്ചു യാത്രപറഞ്ഞു പോകാനൊരുങ്ങിയ തങ്ങളുടെ പ്രിയ ഇംഗ്ലീഷ് അധ്യാപകനെ സ്നേഹം കൊണ്ട് കെട്ടിയിട്ടു അവർ. നിറകണ്ണുകളോടെ അദ്ദേഹത്തിന് ചുറ്റും കുടി, കെട്ടിപ്പിടിച്ചു, പോകരുത് സർ എന്ന് കേണപേക്ഷിച്ചു.

ജീവിതത്തിൽ ആദ്യമായി ജോലി ചെയ്ത സ്കൂളിലെ പ്രിയ ശിഷ്യർ കാണിക്കുന്ന സ്നേഹവാത്സല്യത്തിന് മുന്നിൽ ജി ഭഗവാൻ എന്ന ആ ഇംഗ്ലീഷ് അധ്യാപകന്റെ കണ്ണുകളെയും ഈറനണിയിച്ചു. അവരെ സമാശ്വസിപ്പിക്കാൻ അയാൾ ആവതു ശ്രമിച്ചു. താൻ പോവുകയല്ലെന്നും കുറച്ചു ദിവസങ്ങൾക് ശേഷം തിരിച്ചുവരുമെന്നും അവരോട് പറഞ്ഞുനോക്കി. ആ കുഞ്ഞുങ്ങളുടെ കണ്ണീരിനെ തടഞ്ഞുനിർത്താൻ ആ അദ്ധ്യാപകന്റെ ആശ്വാസ വാക്കുകൾ അപര്യാപ്തമായിരുന്നു.

ഒടുവിൽ, തങ്ങളുടെ പ്രിയപ്പെട്ട സാറിന്റെ സ്ഥലംമാറ്റം ക്യാൻസൽ ചെയ്യാതെ ഇനി സ്കൂളിലേക്കില്ലെന്ന ആ കുഞ്ഞുമക്കളുടെ പിടിവാശിക്കു മുന്നിൽ അധികൃതർക്ക് മുട്ട് മടക്കേണ്ടി വന്നു.അദ്ദേഹത്തിന്റെ ട്രാൻസ്ഫർ ഓർഡർ പത്തുദിവസത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ് അവർ.

തിരുവള്ളൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ ആറു മുതൽ പത്തു വരെയുള്ള വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പഠിപ്പിക്കുകയാരിന്നു ജി ഭഗവാൻ. തന്റെ പ്രിയ ശിഷ്യർ തന്നോട് കാണിക്കുന്ന അകൈതവമായ സ്നേഹത്തെ കുറിച്ച അദ്ദേഹം പറയുന്നു, "എന്റെ അധ്യാപകജീവിതത്തിലെ ആദ്യത്തെ വിദ്യാലയമാണ് ഇത്. 2014 ൽ ഒരു ബിരുദ അധ്യാപകനായിട്ടായിരുന്നു ഇവിടുത്തെ എന്റെ നിയമനം.ഇവിടത്തെ വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം വെച്ചു നോക്കുമ്പോൾ എന്റെ നിയമനം അധികമാണ്. അത് കൊണ്ടാണ് എനിക്ക് തിരുത്താണിയിലെ ഗവണ്മെന്റ് സ്കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. യാത്രപറഞ്ഞിറങ്ങാനൊരുങ്ങിയപ്പോൾ അവരെന്നെ കെട്ടിപ്പിടിക്കുകയും കരഞ്ഞു കൊണ്ട് കാലിൽ പിടിച്ചു പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു."

"കേവല പാഠപുസ്തകങ്ങള്‍ക്കുപരിയായിരുന്നു ഞങ്ങൾക്കിടയിലെ ബന്ധം. ഞാനവർക്ക് കഥകൾ പറഞ്ഞുകൊടുക്കുമായിരുന്നു. അവരുടെ കുടുംബപശ്ചാത്തലത്തെ കുറിച്ചു ചോദിച്ചറിയുമായിരുന്നു. ഭാവിയെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും സംസാരിക്കുമായിരുന്നു.പ്രൊജക്ടർ ഉപയോഗിച്ച് നല്ല പ്രോഗ്രാമുകൾ അവരെ ഞാൻ കാണിക്കാറുണ്ടായിരുന്നു. ഇതുകൊണ്ടൊക്കെയായിരിക്കണം ഞാനവരുടെ മനസ്സിൽ ഇടം പിടിച്ചത് . അധ്യാപകൻ എന്നതിലപ്പുറം ഞാനവർക്കൊരു സുഹൃത്തും ചേട്ടനും ഒക്കെയായിരുന്നു."

തങ്ങളുടെ പ്രിയ അധ്യാപകനെ കുറിച്ചു പറയാൻ തിരുവള്ളൂരിലെ ആ സർക്കാർ സ്കൂളിലെ കുട്ടികൾക്കുമുണ്ട് ഒരുപാട് കാര്യങ്ങൾ. ഇതിന് മുമ്പും പല അധ്യാപകരും സ്കൂളിൽ നിന്നും യാത്ര പറഞ്ഞിറങ്ങിയിട്ടുണ്ടെങ്കിലും അന്നൊന്നും തോന്നാതിരുന്ന വിഷമം ഭഗവാൻ സർ പടിയിറങ്ങുമ്പോൾ തോന്നുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു ഈ കുരുന്നുകൾ.

Similar Posts