India
ജമ്മുകശ്മീരില്‍ ഇന്ന് സര്‍വകക്ഷിയോഗം
India

ജമ്മുകശ്മീരില്‍ ഇന്ന് സര്‍വകക്ഷിയോഗം

Web Desk
|
22 Jun 2018 2:23 AM GMT

പിഡിപി, ബിജെപി, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങി എല്ലാ പാര്‍ട്ടികളുടെയും നിയസഭാ കക്ഷിനേതാക്കളെയും സംസ്ഥാന നേതാക്കളെയും ഗവര്‍‌ണര്‍ സര്‍വ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ജമ്മുകശ്മീരില്‍ അധികാരം ഏറ്റതിന് പിന്നാലെ ഗവണര്‍ എന്‍. എന്‍ വോഹ്റ വിളിച്ച സര്‍വ്വ കക്ഷിയോഗം ഇന്ന് ചേരും. ക്രമസമാധാനം സുരക്ഷ എന്നിവ സംബന്ധിച്ച ചര്‍ച്ചക്കാണ് യോഗം. നിയമസഭ സസ്‍പെന്‍റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ബിജെപി-പിഡിപി എംഎല്‍എമാരെ ചാക്കിടാന്‍‌ ശ്രമിക്കുന്നുവെന്ന ആരോപണവുമായി നാഷണല്‍ കോണ്‍ഫറന്‍സ് രംഗത്തെത്തി.

പിഡിപി, ബിജെപി, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങി എല്ലാ പാര്‍ട്ടികളുടെയും നിയസഭാ കക്ഷിനേതാക്കളെയും സംസ്ഥാന നേതാക്കളെയും ഗവര്‍‌ണര്‍ സര്‍വ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍, സുരക്ഷ, വികസന പദ്ധതികളുടെ തുടര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പരിഗണനയിലുണ്ടായിരുന്ന പ്രധാന വിഷയങ്ങള്‍, പദ്ധതികള്‍ തുടങ്ങിയവ സംബന്ധിച്ച ഫയലുകള്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വ്വ കക്ഷി യോഗം വിളിച്ചത്. അധികാരമേറ്റതിന് പിന്നാലെ നിയമസഭ സസ്പെന്‍റ് ചെയ്ത് കൊണ്ടുള്ള ഉത്തരവും ഗവര്‍ണര്‍ ഇറക്കി.

വിഷയത്തില്‍ ബിജെപി -നാഷണല്‍ കോണ്‍ഫറന്‍സ് വാക് പോരും ശക്തമായിട്ടുണ്ട്. നിയമസഭ പിരിച്ച് വിടാത്തത് ബിജെപിക്ക് പിഡിപി എംഎല്‍എമാരെ ചാക്കിടാന്‍ വേണ്ടിയാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് തലവന്‍ ഉമര്‍ അബ്ദുള്ള പറഞ്ഞു. ആരോപണം ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവ് തള്ളി. സംസ്ഥാനത്ത് എംഎല്‍എ മാരെ മറുകണ്ടം ചാടിച്ച പാരമ്പര്യം നാഷണല്‍ കോണ്‍ഫറന്‍സിനാണെന്ന് രാംമാധവ് പറഞ്ഞു.

അതിനിടെ, അമര്‍‌നാഥ് തീര്‍ത്ഥാടന യാത്രയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൈനിക നീക്കം കൂടുതല്‍ ഊര്‍ജ്ജിമാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

Similar Posts