ജാര്‍ഖണ്ഡിലെ കൂട്ടബലാത്സംഗം; ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
|ഗോത്രമേഖലയില്‍ മനുഷ്യക്കടത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയിലെ അംഗങ്ങളാണ് പീഡനത്തിന് ഇരയായത്
ജാര്‍ഖണ്ഡില്‍ അഞ്ച് ആക്ടിവിസ്റ്റുകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ജാര്‍ഖണ്ഡ് ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. അന്വേഷണത്തിന് മൂന്നംഗ സമിതിയെയും കമ്മീഷന്‍ നിയോഗിച്ചു.
ഗോത്രമേഖലയില്‍ മനുഷ്യക്കടത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയിലെ അംഗങ്ങളാണ് പീഡനത്തിന് ഇരയായത്. പ്രാദേശിക ക്രിസ്ത്യന്‍ മിഷനറിമാരുടെ പിന്തുണയോടെയെത്തിയ 11 അംഗ ആക്ടിവിസ്റ്റുകള്‍ മനുഷ്യക്കടത്തിന് എതിരെ ബോധവത്കരണ നാടകം നടത്തുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്.
നാടകം പുരോഗമിക്കുന്നതിനിടെ ആയുധങ്ങളുമായി ബൈക്കിലത്തിയ അക്രമികള്‍ സംഘത്തിലെ പുരുഷന്‍മാരെ മര്‍ദിച്ച ശേഷം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. റാഞ്ചിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള കുന്തി ജില്ലയിലായിരുന്നു സംഭവം.
വിഷയത്തില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ ആരാഞ്ഞ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജാര്‍ഖണ്ഡ് ഡി.ജി.പിക്ക് കത്തയച്ചു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ സമിതിയേയും കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. നേരത്തെ അന്വേഷണത്തിനായി മൂന്ന് ടീമുകളെ പൊലീസും നിയോഗിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.