മഹാരാഷ്ട്രയില്‍ നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധം; ലംഘിച്ചാല്‍ 25000 രൂപ പിഴയും തടവും
|പ്ലാസ്റ്റിക് ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ആദ്യം 5000 രൂപയാണ് പിഴ
മഹാരാഷ്ട്രയില്‍ നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധം നടപ്പിലാക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. പ്ലാസ്റ്റിക് ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ആദ്യം 5000 രൂപയാണ് പിഴ. രണ്ടാമതും ആവര്‍ത്തിച്ചാല്‍ 10000 രൂപയും മൂന്നാമത്തെ തവണയാണെങ്കില്‍ 25,000 രൂപ പിഴയും അല്ലെങ്കില്‍ മൂന്ന് മാസത്തെ തടവ് ശിക്ഷയും ലഭിക്കും.
പ്ലാസ്റ്റിക് നിര്‍മ്മാണം, ഉപയോഗം, വില്‍പന, കൈകാര്യം ചെയ്യല്‍, സൂക്ഷിക്കല്‍ എന്നിവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് ഈ മാര്‍ച്ചിലാണ് ഫഡ്നാവിസ് സര്‍ക്കാര്‍ വിഞ്ജാപനം പുറപ്പെടുവിച്ചത്. നിലവിലുള്ള പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും മൂന്ന് മാസത്തെ സമയം നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ തീരുമാനത്തെ പരിസ്ഥിതി സ്നേഹികള്‍ സ്വാഗതം ചെയ്തു. എന്നാല്‍ പിന്തിരിപ്പന്‍ പ്രവര്‍ത്തി എന്നാണ് പ്ലാസ്റ്റിക് വ്യവസായികള്‍ വിശേഷിപ്പിച്ചത്.
പ്ലാസ്റ്റിക് കൊണ്ടുള്ള ഡിസ്പോസബിള്‍ ഗ്ലാസ്, കപ്പ്, പ്ലേറ്റ്, സ്പൂണ്‍, ഫോര്‍ക്ക്, ജാറുകള്‍ എന്നിവയ്ക്ക് നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞ മരുന്നുകള്‍, പാല്‍ കവറുകള്‍, കയറ്റുമതി ചെയ്യുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ എന്നിവയെ നിരോധത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.