India
കത്‍വ പെണ്‍കുട്ടിക്ക് ഉയര്‍ന്ന തോതിലുള്ള മയക്കുമരുന്ന് നല്‍കിയെന്ന് ഫോറന്‍സിക് വിദഗ്ധര്‍
India

കത്‍വ പെണ്‍കുട്ടിക്ക് ഉയര്‍ന്ന തോതിലുള്ള മയക്കുമരുന്ന് നല്‍കിയെന്ന് ഫോറന്‍സിക് വിദഗ്ധര്‍

Web Desk
|
25 Jun 2018 2:45 AM GMT

എന്തുകൊണ്ട് പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുകയോ കരയുകയോ ചെയ്തില്ലെന്ന് നേരത്തെ പ്രതികളും ഇവരെ അനുകൂലിക്കൂന്നവരും ചോദിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം കൂടെയാണ് ഇതോടെ അന്വേഷണ സംഘം കണ്ടെത്തിയത്

കത്‍വ പീഡനക്കേസിലെ പെണ്‍കുട്ടിയെ കൊല്ലുന്നതിന് മുമ്പ് ഉയര്‍ന്ന തോതിലുള്ള മയക്ക് മരുന്നുകള്‍ നല്‍കിയതായി ഫൊറന്‍സിക് വിദഗ്ദര്‍.

ആന്തരികവയവ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 2018 ജനുവരിയിലാണ് ജമ്മുകശ്മീരിലെ കത്‍വയില്‍ എട്ട് വയസുള്ള പെണ്‍കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി ഉള്‍പ്പെടുന്ന നോര്‍മാഡിക് മുസ്‍ലിം സമുദായത്തെ പ്രദേശത്ത് നിന്നും ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ക്രൂരത.

മാനസിക രോഗികള്‍ക്ക് നല്‍കുന്ന എപിട്രില്‍ 0.5, കഞ്ചാവിന് പകരം പ്രാദേശികമായി ഉപയോഗിക്കുന്ന മാന്നാര്‍ എന്നീ ലഹരിവസ്തുക്കളാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്. എപിട്രില്‍ മരുന്നില്‍ ക്ലോനാസെപാം സോള്‍ട്ട് എന്ന രാസവസ്തു അടങ്ങിയിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഈ മരുന്ന് കഴിക്കാവു.

തട്ടിക്കൊണ്ട് പോയതിന്‍റെ അടുത്ത ദിവസം ഇത്തരത്തിലുള്ള അഞ്ച് ഗുളികകളാണ് പ്രതികള്‍ പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധമായി കഴിപ്പിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത് ആവര്‍ത്തിച്ചെന്നാണ് ഫോറന്‍സിക് വിദഗ്ദര്‍ പറയുന്നത്. ഇതോടെ ആദ്യം മയക്കത്തിലേക്ക് വീണ പെണ്‍കുട്ടി പിന്നീട് അനങ്ങാന്‍ പോലുമാകാതെ അബോധവാസ്ഥയിലായി. ഇതിന് പുറമെയാണ് കഞ്ചാവിന് സമാനമായ മാന്നാര്‍ നല്‍കിയത്.

ക്രൂര പീഡനം നടന്നെന്ന് പറയുമ്പോഴും എന്തുകൊണ്ട് പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുകയോ കരയുകയോ ചെയ്തില്ലെന്ന് നേരത്തെ പ്രതികളും ഇവരെ അനുകൂലിക്കൂന്നവരും ചോദിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം കൂടെയാണ് ഇതോടെ അന്വേഷണ സംഘം കണ്ടെത്തിയത്. കേസ് പരിഗണിക്കുന്ന പഠാന്‍കോട്ടിലെ ജില്ലാ സെഷന്‍സ് കോടതിയില്‍ അടുത്തയാഴ്ച ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Related Tags :
Similar Posts