യു.ജി.സി പിരിച്ചുവിടുന്നു; പകരം 14 അംഗ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍
|പുതിയ ഏജന്‍സി നിലവിൽ വരുന്നതോടെ ഉന്നത വിദ്യാഭ്യാസരംഗത്ത് നിന്നും യുജിസി, എന്‍സിടിഇ, എഐസിടിഇ എന്നിവ അപ്രത്യക്ഷമാകും. ഉന്നത വിദ്യാഭ്യാസരംഗം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ കൈപ്പിടിയില്‍ ഒതുങ്ങും
യുജിസിയെ പിരിച്ചുവിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പകരം 14 അംഗ ഉന്നത വിദ്യാഭ്യാസ കമ്മീഷനെ നിയമിക്കും. കമ്മീഷന്‍ രൂപീകരണത്തിന്റെ കരട് വിജ്ഞാപനം മാനവവിഭവശേഷി മന്ത്രാലയത്തിന്റെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഉന്നത വിദ്യാഭ്യാസരംഗം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ കൈപ്പിടിയില്‍ ഒതുങ്ങുന്ന തരത്തിലാണ് പുതിയ കമ്മീഷന്റെ രൂപഘടന. അഞ്ച് വര്‍ഷ കാലാവധിയില്‍ നിയമിക്കുന്ന ചെയര്‍മാനും വൈസ് ചെയര്‍മാനും പുറമെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന 12 അംഗങ്ങളും കമ്മീഷനില്‍ ഉണ്ടാകും. ഇതിന് പുറമെ മാനവവിഭവ ശേഷി വകുപ്പ് മന്ത്രിയ തലവനായ ഉപദേശക സമിതിയും രൂപീകരിക്കും.
അക്കാദമിക് നിലവാരം ഉയർത്തുകയാണ് കമ്മീഷന്റെ പ്രഥമ ലക്ഷ്യമായി പറയുന്നത്. നിലവാരമില്ലാത്തതും വ്യാജവുമായ യൂണിവേഴ്‍സിറ്റികൾ അടച്ചു പൂട്ടാനും അധികാരമുണ്ടാകും. സര്‍വ്വകലാശാലകള്‍ക്ക് സ്വതന്ത്ര പദവി നല്‍കുന്നതിന് മുന്‍ഗണന നല്‍കുന്നതിനൊപ്പം ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപത്തിനും വ്യവസ്ഥയുണ്ട്.
ജൂലായ് അഞ്ചിന് ഏഴ് മണി വരെ കരട് നിയമത്തെ സംബന്ധിച്ച അഭിപ്രായങ്ങള്‍ പൊതുജനങ്ങള്‍ക്ക് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ വെബ്‍സൈറ്റിലൂടെ അറിയിക്കാം.
ഹയർ സെക്കണ്ടറി എജ്യുക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആക്ട് 2018 എന്ന പേരില്‍ കൊണ്ടുവരുന്ന നിയമം പാർലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. പുതിയ ഏജന്‍സി നിലവിൽ വരുന്നതോടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നും യുജിസി, എന്‍സിടിഇ, എഐസിടിഇ എന്നിവ അപ്രത്യക്ഷമാകും. വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റത്തിന് ഒരുങ്ങുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഭാഷ്യം.