India
മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് : സൈന്യത്തെ മോദി സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ്
India

മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് : സൈന്യത്തെ മോദി സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ്

Web Desk
|
28 Jun 2018 7:39 AM GMT

ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖ മറികടന്ന് സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതില്‍ രാഷ്ട്രീയ വിവാദം ശക്തമാകുന്നു.

ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖ മറികടന്ന് സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതില്‍ രാഷ്ട്രീയ വിവാദം ശക്തമാകുന്നു. സൈന്യത്തിന്റെ ശൌര്യത്തെയും ത്യാഗത്തെയും മോദി സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ദൃശ്യങ്ങള്‍ യഥാര്‍ത്ഥമാണെന്ന് മിന്നലാക്രമണത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റണന്റ് ജനറല്‍ ഡിഎസ് ഹൂഡ സ്ഥിരീകരിച്ചു.

2016 സെപ്തംബര്‍ 27ന് രാത്രിയാണ് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത്. പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ആക്രമണം നടത്തി എന്നും പാകിസ്താന് കനത്ത പ്രഹരം നല്‍കി എന്നുമായിയിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്തുവിടണമെന്ന ആവശ്യം പ്രതിപക്ഷം ദീര്‍ഘനാളായി ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അരുണ്‍ ഷൂരി ആവശ്യം ആവര്‍ത്തിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് 8 മിനിട്ട് ദൈര്‍ഘ്യമുള്ള ദ്യശ്യം പുറത്ത് വന്നത്. ഭീകരരെ വധിക്കുന്നതും ബങ്കറുകള്‍ തകര്‍ക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. ദൃശ്യം യഥാര്‍ത്ഥമാണെന്ന് മിന്നലാക്രമണത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റണന്റ് ജനറല്‍ ഡിഎസ് ഹൂഡ സ്ഥിരീകരിച്ചിട്ടുണ്ട്.

ദൃശ്യം പുറത്ത് വിട്ട് കേന്ദ്രം രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുകയാണെന്നും യുപിഎ, വാജ്പേയ്, കാലങ്ങളിലും സമാന ഒപ്പറേഷനുകള്‍ നടത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. മിന്നലാക്രമണത്തെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

Similar Posts