സൌത്ത് ഡല്‍ഹിയിലെ മരം മുറിക്കലിന് അനുമതി നല്‍കിയതാര്? ഡല്‍ഹിയില്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ തമ്മില്‍ പുതിയ തര്‍ക്കം
|കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ താമസ കേന്ദ്രങ്ങളുടെ വികസനത്തിന്റെ പേരില്‍ 7 ഇടങ്ങളിലായി 17000 മരങ്ങളാണ് മുറിച്ച് മാറ്റാന്‍ ആരംഭിച്ചത്. മരം മുറിക്കല്‍ ജൂലൈ 4 വരെ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണറുടെ ഓഫീസിലെ സമരത്തിന് പിന്നാലെ എഎപി സര്‍ക്കാരും കേന്ദ്രവും വീണ്ടും വാഗ്വാദത്തിലേക്ക്. സൌത്ത് ഡല്‍ഹിയിലെ മരം മുറിക്കലിന് അനുമതി നല്‍കിയതാര് എന്ന വിഷയത്തിലാണ് എഎപി - ബിജെപി വിഴുപ്പലക്കല്‍. നിലവില്‍ മരം മുറിക്കല്‍ അടുത്ത മാസം 4വരെ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ താമസ കേന്ദ്രങ്ങളുടെ വികസനത്തിന്റെ പേരില്‍ 7 ഇടങ്ങളിലായി 17000 മരങ്ങളാണ് മുറിച്ച് മാറ്റാന്‍ ആരംഭിച്ചത്. പ്രതിഷേധം ശക്തമായതോടെയാണ് എഎപി സര്‍ക്കാരിനെതിരെ ആദ്യം കേന്ദ്രം രംഗത്തെത്തി. എന്നാല്‍ കേന്ദ്രമാണ് മരം മുറിക്കാന്‍ അനുമതി നല്‍കിയതെന്നാണ് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഇമ്രാന്‍ ഹുസൈന്റെ ആരോപണം.
നവ്റോഡി നഗരിലും നേതാജി നഗറിലും മരം മുറിക്കലിന് അനുമതി നല്‍കിയത് ഡല്‍ഹി പരിസ്ഥിതി മന്ത്രിയാണെന്നാണ് ലഫ്റ്റണന്റ് ഗവര്‍ണരുടെ ഓഫീസ് നല്‍കുന്ന വിവരം. കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധനും ഇക്കാര്യം ആവര്‍ത്തിച്ചു.
പരസ്പരം പഴിചാരുന്ന ഇരു സര്‍ക്കാരുകളും ഒരു പോലെ കുറ്റക്കാരാണെന്നും സമരം തുടരുമെന്നും പ്രദേശവാസികള്‍ പറഞ്ഞു. കേസ് 2ന് ഹരിത ട്രിബ്യൂണലും നാലിന് ഹൈക്കോടതിയും പരിഗണിക്കും.