India
ബീഫിന്റെ പേരിലെ കൊല; അലിമുദ്ധീന്‍ അന്‍സാരി വധക്കേസിലെ 8 പ്രതികള്‍ക്ക് ജാമ്യം
India

ബീഫിന്റെ പേരിലെ കൊല; അലിമുദ്ധീന്‍ അന്‍സാരി വധക്കേസിലെ 8 പ്രതികള്‍ക്ക് ജാമ്യം

Web Desk
|
30 Jun 2018 6:53 AM GMT

തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. 2017 ജൂണിലായിരുന്നു ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് അലിമുദ്ധീന്‍ അന്‍സാരിയെ ഒരു സംഘം മര്‍ദിച്ചു കൊലപ്പെടുത്തിയത്.

ജാര്‍ഖണ്ഡിലെ അലിമുദ്ധീന്‍ അന്‍സാരി വധക്കേസില്‍ 8 പ്രതികള്‍ക്ക് ജാമ്യം. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. 2017 ജൂണിലായിരുന്നു ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് അലിമുദ്ധീന്‍ അന്‍സാരിയെ ഒരു സംഘം മര്‍ദിച്ചു കൊലപ്പെടുത്തിയത്.

വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അലിമുദ്ദീന്‍ അന്‍സാരി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച എട്ട് പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അലിമുദ്ധീന്‍ അന്‍സാരിയെ പ്രതികള്‍ മര്‍ദിക്കുന്നത് സംഭവസ്ഥലത്തുണ്ടായിരുന്ന ആരും കണ്ടിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബി.എം ത്രിപാതി കോടതിയെ അറിയിച്ചു. പുറത്ത് വന്ന വീഡിയോയിയിലും ഇവര്‍ അക്രമിക്കുന്ന ദൃശ്യങ്ങളില്ല.

അന്‍സാരിയെ ജനക്കൂട്ടം തടഞ്ഞുവെച്ചപ്പോള്‍ പ്രതികള്‍ അതിന്‍റെ ഭാഗമാവുക മാത്രമാണുണ്ടായതെന്നും ത്രിപാതി ഹൈകോടതിയില്‍ വ്യക്തമാക്കി. ബിജെപിയുടെ പ്രാദേശിക നേതാവും ബജ്റംഗ്ദള്‍ പ്രവര്‍ത്തകനും ജാമ്യം ലഭിച്ചവരില്‍ ഉള്‍പ്പെടും.

അലിമുദ്ധീന്‍ അന്‍സാരി വധക്കേസില്‍ നേരത്തെ 11 പേരെയാണ് അതിവേഗ വിചാരണ കോടതി കഴിഞ്ഞ മാര്‍ച്ചില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടന്ന അക്രമങ്ങളില്‍ ആദ്യത്തെ വിധിയായിരുന്നു ഇത്.

Similar Posts