India
കനത്ത മഴ: അസമില്‍ ദേശീയ പൌരത്വ രജിസ്റ്റര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള കാലാവധി നീട്ടിയേക്കും
India

കനത്ത മഴ: അസമില്‍ ദേശീയ പൌരത്വ രജിസ്റ്റര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള കാലാവധി നീട്ടിയേക്കും

Web Desk
|
30 Jun 2018 3:34 AM GMT

ബംഗാളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ചൊല്ലി പ്രതിഷേധങ്ങള്‍ ഉടലെടുത്തതോടെയാണ് അസമില്‍ പൌരത്വ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. 

അസമില്‍ ദേശീയ പൌരത്വ രജിസ്റ്റര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള കാലാവധി നീട്ടിയേക്കും. കനത്ത മഴയെ തുടര്‍ന്ന് പൌരത്വ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ അവതാളത്തിലായിരുന്നു. രജിസ്റ്റര്‍ പ്രസിദ്ധീകരിക്കാനുള്ള കാലാവധി നീട്ടിത്തരണമെന്ന് സംസ്ഥാന കോര്‍ഡിനേറ്റര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഇന്നായിരുന്നു പൌരത്വ രജിസ്റ്റര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി അനുവദിച്ച അവസാന തീയതി.

കനത്ത മഴയില്‍ പൌരത്വ രജിസ്ട്രേഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം താളം തെറ്റിയതോടെയാണ് അസമില്‍ ദേശീയ പൌരത്വ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ അവതാളത്തിലായത്. ഇതോടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായില്ലെന്നും സമയം നീട്ടിത്തരണമെന്നും ആവശ്യപ്പെട്ട് ദേശീയ പൌരത്വ രജിസ്ട്രേഷന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രതീക് ഹജീല സുപ്രീം കോടതിയെ സമീപിച്ചു. ജൂലായ് രണ്ടിനാണ് ഇക്കാര്യം സുപ്രീംകോടതി പരിഗണിക്കുക. മഴകാരണമാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് കഴിയാതിരുന്നത് എന്നും എന്നും സുപ്രീംകോടതി പുനര്‍നിശ്ചയിക്കുന്ന തിയതിക്കകം പൌരത്വ രജിസ്ട്രേഷന്‍ പട്ടിക പുറത്തിറക്കുമെന്നും ഹജീല പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 31 ന് അര്‍ധരാത്രിയില്‍ പ്രഖ്യാപിച്ച ആദ്യ പട്ടികയില്‍ 1.9 കോടി പേര്‍ ഇടം പിടിച്ചിരുന്നു. ആകെ 3.29 കോടി പേരാണ് അസമില്‍ പൌരത്വത്തിനായി അപേക്ഷിച്ചിരുന്നത്. ബംഗാളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ചൊല്ലി പ്രതിഷേധങ്ങള്‍ ഉടലെടുത്തതോടെയാണ് അസമില്‍ പൌരത്വ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. 1971 ന് ശേഷം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരെയാണ് പൌരത്വ രജിസ്ട്രേഷന്‍ പട്ടിക ബാധിക്കുക.

Related Tags :
Similar Posts