ഡല്‍ഹി മെട്രോ ജീവനക്കാര്‍ അര്‍ധരാത്രി മുതല്‍ സമരം പ്രഖ്യാപിച്ചു; സമരം വിലക്കിക്കൊണ്ട് ഹൈക്കോടതി രാത്രി ഉത്തരവിട്ടു
|ദിവസവും കാൽക്കോടി ജനങ്ങൾക്ക് യാത്രാ സൗകര്യമൊരുക്കുന്ന പൊതുയാത്രാ സംവിധാനമാണ് മെട്രോ. സമരം നടത്താൻ മതിയായ നോട്ടീസൊന്നും ജീവനക്കാർ ഡി.എം.ആർ.സി.ക്ക് നൽകിയിട്ടില്ലെന്നും ഹൈക്കോടതി
ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങിയ ഡല്‍ഹി മെട്രോ നോണ്‍ എക്സിക്യൂട്ടീവ് ജീവനക്കാര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. ജീവനക്കാര്‍ സമരം ചെയ്യരുതെന്ന് ഹൈക്കോടതി രാത്രി ഉത്തരവിട്ടു.
ഒമ്പതിനായിരത്തോളം വരുന്ന നോൺ എക്സിക്യൂട്ടീവ് ജീവനക്കാർ നടത്തുന്ന സമരം ന്യായീകരിക്കാനാവില്ലെന്നായിരുന്നു ജസ്റ്റിസ് വിപിൻ സാംഘിയുടെ നിരീക്ഷണം. ദിവസവും കാൽക്കോടി ജനങ്ങൾക്ക് യാത്രാ സൗകര്യമൊരുക്കുന്ന പൊതുയാത്രാ സംവിധാനമാണ് മെട്രോയെന്നും കോടതി ഓർമിപ്പിച്ചു. സമരം നടത്താൻ മതിയായ നോട്ടീസൊന്നും ജീവനക്കാർ ഡി.എം.ആർ.സി.ക്ക് നൽകിയിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശമ്പള പരിഷ്കരണത്തിന് പുറമെ ഡി.എം.ആര്.സി സ്റ്റാഫ് കൌണ്‍സിലിനെ യൂണിയനാക്കി മാറ്റുക, ജീവനക്കാരെ പിരിച്ചുവിടുന്നതിന് വ്യക്തമായ വ്യവസ്ഥ ഉണ്ടാക്കുക തുടങ്ങിയ എട്ട് ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സമരം ആരംഭിക്കാനിരുന്നത്.
സമരത്തിന് ഒരുങ്ങിയ ജീവനക്കാര്‍ക്ക് എതിരെ ഡി.എം.ആര്.സിയാണ് ഹൈകോടതിയെ സമീപിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തൽ ജസ്റ്റിസ് സാംഘിയോട് ആവശ്യപ്പെട്ടു. ജൂൺ 30-ന് തുടങ്ങാനിരിക്കുന്ന സമരം വിലക്കുന്നതായും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സമരം നടത്തരുതെന്നും ഹൈക്കോടതി നിർദേശിച്ചു.
മെട്രോ ജീവനക്കാർ സമരം നടത്തരുതെന്ന് ഡൽഹി സർക്കാരും ആവശ്യപ്പെട്ടിരുന്നു. സമരം ചെയ്താൽ എസ്മ പ്രയോഗിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുന്നറിയിപ്പു നൽകി. ജീവനക്കാരുടെ ആവശ്യം പരിശോധിക്കാൻ ഡൽഹി മെട്രോ ഉദ്യോഗസ്ഥരുമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ചർച്ചയും നടത്തി.