ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ വെര്‍ച്വല്‍ ഐഡി
|വിവിധ സേവനങ്ങള്‍ക്ക് ഇനി മുതല്‍ ആധാര്‍ നമ്പറിന് പകരം 16 അക്ക വെര്‍ച്വല്‍ നമ്പര്‍ ഉപയോഗിക്കാം.
ആധാര്‍ വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനായി യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ കൊണ്ടുവന്ന വെര്‍ച്വല്‍ ഐഡി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വിവിധ സേവനങ്ങള്‍ക്ക് ഇനി മുതല്‍ ആധാര്‍ നമ്പറിന് പകരം 16 അക്ക വെര്‍ച്വല്‍ നമ്പര്‍ ഉപയോഗിക്കാം. ആധാര്‍ നമ്പറുകള്‍ പങ്കുവക്കുന്നതും ഇതിലൂടെ തടയാനാകുമെന്നാണ് വിലയിരുത്തല്‍.
ആധാര്‍ വിവരങ്ങള്‍ ചോരുകയും വലിയ രീതിയില്‍ പ്രതിഷേധം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് യുണീക്ക് ഐഡെന്‍റ്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ വെര്‍ച്വല്‍ ഐഡി കൊണ്ടുവരുന്നത്. താല്‍ക്കാലികമായി 16 അക്ക വെര്‍ച്വല്‍ ഐഡി ഉപയോഗിക്കുന്നതിലൂടെ വ്യക്തികളുടെ വിവരം പൂര്‍ണമായും സംരക്ഷിപ്പെടുമെന്നാണ് യുഐഡിഎഐ അവകാശപ്പെടുന്നത്.
ഇനി മുതല്‍ ബാങ്കുകളുടേത് അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആധാര്‍ നമ്പറിന് പകരം വെര്‍ച്വല്‍ നമ്പര്‍ ഉപയോഗിക്കാം. യുഐഡിഐ വെബ് സൈറ്റ്, ആധാര്‍ എന്‍റോള്‍മെന്റ് കേന്ദ്രങ്ങള്‍, എംആധാര്‍ ആപ്പ് എന്നിവയിലൂടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ചാണ് വെര്‍ച്വല്‍ ഐഡി സൃഷ്ടിക്കാനാവുക.