India
ഐഡിബിഐ - എല്‍ഐസി ഇടപാടിനെതിരെ സിപിഎം
India

ഐഡിബിഐ - എല്‍ഐസി ഇടപാടിനെതിരെ സിപിഎം

Web Desk
|
1 July 2018 2:58 AM GMT

കിട്ടാകടം മൂലം പ്രതിസന്ധിയിലായ ഐഡിബിഐ ബാങ്കില്‍ എല്‍ഐസി 13000 കോടി ഇറക്കുന്നത് പൊതുപണം കൊള്ളയടിക്കാനാണെന്ന് സിപിഎം ആരോപിച്ചു.

ഐഡിബിഐ ബാങ്കില്‍ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം ഉയര്‍ത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ സിപിഎം രംഗത്ത്. കിട്ടാകടം മൂലം പ്രതിസന്ധിയിലായ ഐഡിബിഐ ബാങ്കില്‍ എല്‍ഐസി 13000 കോടി ഇറക്കുന്നത് പൊതുപണം കൊള്ളയടിക്കാനാണെന്ന് സിപിഎം ആരോപിച്ചു. തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്നും സിപിഎം പിബി ആവശ്യപ്പെട്ടു.

നഷ്ടത്തിലോടുന്ന പൊതുമേഖല ബാങ്കായ ഐഡിബിഐയെ രക്ഷിക്കാനാണ് എല്‍ഐസിയെ കൊണ്ട് കൂടുതല്‍ നിക്ഷേപം ഇറക്കിക്കാന്‍ കേന്ദ്രത്തിന്‍റെ നീക്കം. ബാങ്കിലെ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം 13000 കോടി അധികം നിക്ഷേപിച്ച് 51 ശതമാനമാക്കി ഉയര്‍ത്താനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇത് പൊതുജനങ്ങളുടെ പണം കൊള്ളയടിക്കാനുള്ള തന്ത്രമാണെന്ന് സിപിഎം പിബി ആരോപിച്ചു. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ വന്‍കിടക്കാരുടെ പേര് വെളിപ്പെടുത്താത്ത മോദി സര്‍ക്കാര്‍ കൂടുതല്‍ തട്ടിപ്പിന് വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.

നിലവിലെ നിയമപ്രകാരം എല്‍ഐസിക്ക് ബാങ്കിങ് മേഖലയില്‍ 15 ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപമിറക്കാനാവില്ല. എന്നാല്‍ തിടുക്കപ്പെട്ട് മോദി സര്‍ക്കാര്‍ ഈ നിയമം മാറ്റാന്‍ ശ്രമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ഇന്‍ഷൂറന്‍സ് നിയന്ത്രണ അതോറിറ്റി ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ എല്‍ഐസിക്ക് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

വന്‍കിട തട്ടിപ്പുകാരെ സഹായിക്കാനായി അതോറിറ്റിയെ മോദി സര്‍ക്കാര്‍ ആയുധമാക്കുകയാണെന്ന് സിപിഎം ആരോപിച്ചു. എല്‍ഐസിയുടെ പണം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്നും സിപിഎം ആവശ്യപ്പെട്ടു.

Related Tags :
Similar Posts