ഡല്‍ഹിയിലെ വ്യാപക മരം മുറിക്കല്‍; കടുത്ത പ്രതിഷേധവുമായി യുവാക്കള്‍
|കേന്ദ്രജീവനക്കാര്ക്കായുള്ള താമസകേന്ദ്രങ്ങളുടെ നിര്‍മ്മാണത്തിനായാണ് ഡല്‍ഹിയില്‍ പതിനാറായിരം മരങ്ങള്‍ മുറിച്ച് മാറ്റുന്നത്.
ഡല്‍ഹിയിലെ വ്യാപക മരം മുറിക്കലിനെതിരെ കടുത്ത പ്രതിഷേധവുമായി യുവാക്കള്‍. തെരുവുനാടകത്തിലൂടെയും മരം മുറിക്കലിനെതിരായ പ്രസംഗങ്ങളിലൂടെയുമാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ യുവാക്കള്‍ പ്രതിഷേധിക്കുന്നത്. കേന്ദ്രജീവനക്കാര്ക്കായുള്ള താമസകേന്ദ്രങ്ങളുടെ നിര്‍മ്മാണത്തിനായാണ് ഡല്‍ഹിയില്‍ പതിനാറായിരം മരങ്ങള്‍ മുറിച്ച് മാറ്റുന്നത്.
മലീനീകരണത്തില്‍ ശ്വാസംമുട്ടുന്ന ഡല്‍ഹിയെ കാണുന്ന ഇവര്‍ക്ക് എന്തൊക്കെ ന്യായീകരണം നിരത്തിയാലും പ്രകൃതി നശീകരണത്തിന് കൂട്ടുനില്ക്കാനാവില്ല. അതിനാല്‍ കഴിയാവുന്ന എല്ലാമാര്‍ഗങ്ങളിലൂടെയും തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ് ഡല്‍ഹയിലെ യുവാക്കള്‍. ചിപ്കോ സമരത്തെ അനുസ്മരിപ്പിച്ച് നടക്കുന്ന പ്രതിഷേധം തീരുമാനം പിന്‍വലിക്കും വരെ തുടരുമെന്ന് ഇവര്‍ പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ താമസകേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനായാണ് ഇത്രയും വ്യാപകമായി മരം മുറിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് ഡല്‍ഹി പരിസ്ഥിതി മന്ത്രിയുടെ പിന്തുണയും ഉണ്ടായിരുന്നുവെന്നതും വിവാദമായിരുന്നു. നിലവില്‍ ജൂലൈ നാല് വരെ മരം മുറിക്കുന്നതിന് ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിട്ടുണ്ട്.