ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കും: അരുന്ധതി റോയി
|മുസ്ലിംകളെയും ദലിതുകളെയും കാശ്മീരികളെയും ആദിവാസികളെയുമൊക്കെ മോദി സര്‍ക്കാര്‍ തീവ്രവാദികളായി മുദ്രകുത്തുകയാണെന്ന് അരുന്ധതി റോയി
മുസ്ലിംകളെയും ദലിതുകളെയും കാശ്മീരികളെയും ആദിവാസികളെയുമൊക്കെ മോദി സര്‍ക്കാര്‍ തീവ്രവാദികളായി മുദ്രകുത്തുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയി. മോദി സര്‍ക്കാര്‍ അടുത്ത പൊതുതെരഞ്ഞെടുപ്പ് ജയിക്കാനായി എതിര്‍ക്കുന്നവരെ മുഴുവന്‍ അഴിക്കുള്ളിലാക്കുകയാണ്. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, ഭിം ആര്‍മി നേതാവ് ചന്ദ്രശേഖര്‍, സാമൂഹ്യപ്രവര്‍ത്തകന്‍ റോണ വില്‍സണ്‍ തുടങ്ങിയവരെ ജയിലിലടച്ചത് ചൂണ്ടിക്കാട്ടിയാണ് അരുന്ധതി റോയിയുടെ പ്രതികരണം.
പ്രധാനമന്ത്രിയെ കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പറഞ്ഞാണ് റോണ വില്‍സണെ ജയിലിലടച്ചത്. സൊഹ്റാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യയെയും വധിച്ചത് സമാനമായ ആരോപണം ഉന്നയിച്ചാണ്. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ആര്‍എസ്എസിന്റെ സഹായത്തോടെ ഇന്ത്യയെ ഔദ്യോഗികമായി ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും അരുന്ധതി റോയി വിശദീകരിച്ചു.
പഞ്ചാബിലെ ബര്‍ണാലയില്‍ ഓപ്പറേഷന് ഗ്രീന്‍ ഹണ്ട് വിരോധി ഫ്രണ്ട് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അരുന്ധതി റോയി. ഓപ്പറേഷന് ഗ്രീന്‍ ഹണ്ടിലൂടെ സാമൂഹ്യപ്രവര്‍ത്തകരെയും നിഷ്കളങ്കരായ ജനങ്ങളെയും കൊന്നൊടുക്കുകയാണെന്ന് കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ വി വി റാവു വിമര്‍ശിച്ചു. ഇപ്പോള്‍ മാവോയിസ്റ്റുകളെന്ന പേരില്‍ ദലിതരെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും റാവു പറഞ്ഞു.