മുംബൈയില്‍ കനത്ത മഴ; പാലം തകര്‍ന്ന് 5 പേര്‍ക്ക് പരിക്ക്
|കനത്ത മഴ ഈ ആഴ്ചയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. അതേസമയം മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാറിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി.
മഹാരാഷ്ട്രയിലെ കനത്തമഴയില്‍ അന്ധേരി റെയില്‍വേ സ്റ്റേഷന് സമീപത്തെ പാലം തകര്‍ന്ന് വീണു. 5 പേര്‍ക്ക് പരിക്ക് പറ്റി. കനത്ത മഴ ഈ ആഴ്ചയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
ആഴ്ചയുടെ ആരംഭത്തില്‍ തുടങ്ങിയ മഴയാണ് മഹാരാഷ്ട്രയില്‍ ഇപ്പോഴും തുടരുന്നത്. കനത്ത മഴയില്‍ അന്ധേരി റെയില്‍വേസ്റ്റഷന് സമീപത്തെ നടപ്പാലം തകര്‍ന്ന് വീണ് 5 പേര്‍ക്ക് പരിക്ക് പറ്റി. ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്. അപകടസമയത്ത് പാലത്തിന് കീഴില്‍ ട്രെയിന്‍ ഇല്ലാതിരുന്നതാണ് വന്‍ ദുരന്തമൊഴിവായത്.
അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് താറുമാറായ മുംബൈയിലെ റെയില്‍വേ ഗതാഗതം പാലം കൂടി തകര്‍ന്നതോടെ കൂടുതല്‍ ബുദ്ധിമുട്ടിലായി. മഹാരാഷട്രയില്‍ പെയ്യുന്ന മഴ ഈ ആഴ്ചയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണ് താനയില്‍ ഒരാള്‍ മരിച്ചു. നഗരപ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായിലാണ്.