India
ഈ സ്കൂളില്‍ കുട്ടികളെ ചേര്‍ത്താല്‍ 5000 രൂപയുടെ സ്വര്‍ണ നാണയവും രണ്ട് ജോഡി യൂണിഫോമും 
India

ഈ സ്കൂളില്‍ കുട്ടികളെ ചേര്‍ത്താല്‍ 5000 രൂപയുടെ സ്വര്‍ണ നാണയവും രണ്ട് ജോഡി യൂണിഫോമും 

Web Desk
|
4 July 2018 7:02 AM GMT

സംഭവം അറിഞ്ഞ് മൂന്ന് കുട്ടികള്‍ ചേരാനെത്തിയിട്ടുണ്ട്

ലക്ഷങ്ങള്‍ കെട്ടിവച്ചാണ് ഭൂരിഭാഗം മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് സ്കൂള്‍ അഡ്മിഷന്‍ ശരിയാക്കുന്നത്. അതിപ്പോള്‍ ഒന്നാം ക്ലാസാണെങ്കിലും മെഡിക്കല്‍ സീറ്റാണെങ്കിലും ലക്ഷങ്ങളുടെ കണക്കിന് കറവൊന്നുമില്ല. നാട്ടില്‍ ആവശ്യത്തിന് സര്‍ക്കാര്‍ സ്കൂളുകള്‍ ഉണ്ടെങ്കിലും അതൊന്നും മാതാപിതാക്കളുടെ കണ്ണില്‍ പിടിക്കാറില്ല. നിലവാരം പോരെന്ന് പറഞ്ഞ് സര്‍ക്കാര്‍ നല്‍കുന്ന സൌജന്യ വിദ്യാഭ്യാസം വേണ്ടെന്ന് വയ്ക്കും. സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമ്പോള്‍ വെല്ലുവിളിയെ നേരിടാന്‍ തന്നെ ഒരുങ്ങിയിരിക്കുകയാണ് കോയമ്പത്തൂരിലെ ഒരു സ്‌കൂള്‍. ഈ സ്‌കൂളില്‍ കുട്ടികളെ ചേര്‍ത്താല്‍ 5000 രൂപയുടെ സ്വര്‍ണ്ണനാണയവും രണ്ട് ജോഡി യൂണിഫോമും സൗജന്യമായി ലഭിക്കും.

കോയമ്പത്തൂരിലെ അണ്ണൂരിനടുത്ത് കോണര്‍പാളയത്തിലെ ഒരു പ്രൈമറി സ്‌കൂളിലാണ് കുട്ടികളെയും അധ്യാപകരെയും പിടിക്കാന്‍ പുതിയ വഴി കണ്ടെത്തിയിരിക്കുന്നത്. ആദ്യം ചേര്‍ക്കുന്ന പത്തു കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം കിട്ടുക. സംഭവം അറിഞ്ഞ് മൂന്ന് കുട്ടികള്‍ ചേരാനെത്തിയിട്ടുണ്ട്. മറ്റ് മൂന്ന് കുട്ടികള്‍ കൂടി ചേരുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജേഷ് ചന്ദ്രകുമാര്‍ പറയുന്നു.

1996 ല്‍ സ്കൂള്‍ തുടങ്ങുന്ന സമയത്ത് ഇവിടെ 165 കുട്ടികളുണ്ടായിരുന്നു. പിന്നീട് വിളനാശത്തെത്തുടര്‍ന്ന് ഈ ഗ്രാമത്തിലെ ആളുകള്‍ മറ്റ് ഗ്രാമങ്ങളിലേക്ക് കുടിയേറിയതോടെ സ്കൂളില്‍ കുട്ടികളുടെ എണ്ണവും കുറഞ്ഞു. നിലവില്‍ ആറു കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കുന്നത്. പത്തില്‍ താഴെ മാത്രം വിദ്യാര്‍ത്ഥികളുള്ള സ്‌കൂളുകളില്‍ നിന്നും കുട്ടികളെയും അധ്യാപകരെയും അടുത്ത സ്‌കൂളുകളിലേക്ക് മാറ്റിയ ശേഷം അടച്ചു പൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. അതുകൊണ്ട് തന്നെ പത്തു കുട്ടികളെ എങ്ങിനെയെങ്കിലും ആകര്‍ഷിക്കാനാണ് സ്‌കൂള്‍ ഈ പദ്ധതി മുന്നോട്ട് വെച്ചിരിക്കുന്നത്. സ്‌കൂള്‍ നില നിര്‍ത്തുന്നതിനായി സ്ഥലത്തെ ബിസിനസ് പ്രമുഖനായ ശേഖറാണ് 5000 രൂപയുടെ സ്വര്‍ണ്ണനാണയം വാഗ്ദാനം ചെയ്തത്. കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചപ്പോള്‍ അവരും സമ്മതിക്കുകയായിരുന്നു. തങ്ങളുടെ ഗ്രാമത്തിന്റെ അഭിമാനമാണ് ഈ സ്കൂളെന്നും അതുകൊണ്ട് പൂട്ടാന്‍ അനുവദിക്കില്ലെന്നും ഗ്രാമത്തലവനായ സെല്‍വരാജ് പറഞ്ഞു.

Similar Posts