India
‘കശ്മീരില്‍ തെരഞ്ഞെടുപ്പ് വേണം’; തയ്യാറെടുപ്പുമായി കോണ്‍ഗ്രസ്
India

‘കശ്മീരില്‍ തെരഞ്ഞെടുപ്പ് വേണം’; തയ്യാറെടുപ്പുമായി കോണ്‍ഗ്രസ്

Web Desk
|
5 July 2018 7:38 AM GMT

സംസ്ഥാനത്തെ സ്ഥിതി ദിനം പ്രതി മോശമായിക്കൊണ്ടിരിക്കെ ബദല്‍ സഖ്യത്തിന് നേതൃത്വം നല്‍കി അധികാരത്തിലേറുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ജമ്മുകശ്മീരില്‍ രാഷ്ട്രപതി ഭരണം തുടരവെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട്. ഗുലാം നബി ആസാദിനെ മുഖ്യമന്ത്രിയായി ഉയര്‍ത്താനാണ് തീരുമാനം. രണ്ട് ദിവസമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനത്തില്‍ എത്തിയത്.

ജമ്മുകശ്മീരില്‍ പിഡിപി - ബിജെപി സഖ്യം തകര്‍ന്ന് രാഷ്ട്രപതി ഭരണത്തിലേക്ക് എത്തുകയും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് മാരത്തോണ്‍ ചര്‍ച്ചകള്‍ നടന്നത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ജമ്മുകശ്മീരിന്റെ ചുമതലയുള്ള അംബികാ സോണി എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള 100 നേതാക്കള്‍ യോഗങ്ങളില്‍ പങ്കെടുത്തു. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമം വേണമെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിച്ചിരുന്നു. അന്തിമ ഘട്ടത്തില്‍ പുതിയ തെരഞ്ഞെടുപ്പെന്ന ആവശ്യത്തിലേക്ക് എല്ലാവരും എത്തുകയും ഗുലാം നബി ആസാദിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കാന്‍ ഒരുമിച്ച് തീരുമാനിക്കുകയുമായിരുന്നു.

സംസ്ഥാനത്തെ സ്ഥിതി ദിനം പ്രതി മോശമായിക്കൊണ്ടിരിക്കെ ബദല്‍ സഖ്യത്തിന് നേതൃത്വം നല്‍കി അധികാരത്തിലേറുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കളുടെ യോഗം ചേര്‍ന്ന ശേഷമായിരുന്നു മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയത്.

Similar Posts