അലിമുദ്ദീന്‍ അന്‍സാരി കൊല: ജാമ്യത്തിലിറങ്ങിയ ഗോരക്ഷകര്‍ക്ക് കേന്ദ്രമന്ത്രിയുടെ വക സ്വീകരണം
|കാറില്‍ ബീഫ് കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് 2017ജൂണിലാണ് ജാര്‍ണ്ഡിലെ രാംഗഡില്‍ 45കാരനായ അലിമുദ്ദീന്‍ അന്‍സാരിയെ ഗോരക്ഷകര്‍ റോഡിലിട്ട് അടിച്ച് കൊന്നത്. ശേഷം അലിമുദ്ദീന്റെ കാറും കത്തിച്ചു.
ജാര്‍ഖണ്ഡിലെ അലിമുദ്ദീന്‍ അന്‍സാരി വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ 8 പ്രതികള്‍ക്ക് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ സ്വീകരണം നല്‍കിയത് വിവാദമാകുന്നു. പ്രതികളെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും അപ്പീലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ് ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് ബിജെപി നേതൃത്വം ഒരുക്കിയ സ്വീകരണത്തിലാണ് കേന്ദ്ര വ്യോമയാന സഹമന്ത്രി പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുത്ത് ജയന്ത് സിന്‍ഹ പ്രതികള്‍ക്ക് ഹാരമണിയുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. പ്രതികള്‍ക്ക് ഹാരമണിയിക്കുന്നതിന്റെയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നതോടെ സംഭവം വലിയ വിവാദത്തിന് വഴിതുറന്നിട്ടുണ്ട്.
കാറില്‍ ബീഫ് കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജാര്‍ണ്ഡിലെ രാംഗഡില്‍ 45കാരനായ അലിമുദ്ദീന്‍ അന്‍സാരിയെ ഗോരക്ഷകര്‍ റോഡിലിട്ട് അടിച്ച് കൊന്നത്. ശേഷം അലിമുദ്ദീന്റെ കാറും കത്തിച്ചു. കേസില്‍ 11 പേരെയാണ് അതിവേഗ വിചാരണ കോടതി കഴിഞ്ഞ മാര്‍ച്ചില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടന്ന അക്രമങ്ങളില്‍ ആദ്യത്തെ വിധിയായിരുന്നു ഇത്. വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയുമായിരുന്നു. വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അലിമുദ്ദീന്‍ അന്‍സാരി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച എട്ട് പേര്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ബിജെപിയുടെ പ്രാദേശിക നേതാവ് നേതാവ് നിത്യനാഥ് മെഹാതോയും ഒരുബജ്റംഗ്ദള് പ്രവര്‍ത്തകനും ജാമ്യം ലഭിച്ചവരില്‍ ഉള്‍പ്പെടും.
അലിമുദ്ദീന്‍ അന്‍സാരിയെ പ്രതികള്‍ മര്‍ദിക്കുന്നത് സംഭവസ്ഥലത്തുണ്ടായിരുന്ന ആരും കണ്ടിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന് ബി.എം ത്രിപാതി കോടതിയെ അറിയിച്ചു. പുറത്ത് വന്ന വീഡിയോയിലും ഇവര്‍ അക്രമിക്കുന്ന ദൃശ്യങ്ങളില്ല. അന്‍സാരിയെ ജനക്കൂട്ടം തടഞ്ഞുവെച്ചപ്പോള്‍ പ്രതികള്‍ അതിന്റെ ഭാഗമാവുക മാത്രമാണുണ്ടായതെന്നും ത്രിപാതി ഹൈകോടതിയില്‍ വ്യക്തമാക്കി.
പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അലീമുദ്ദീന്‍ അന്‍സാരിയുടെ ഭാര്യ മറിയം കാത്തൂന് പറഞ്ഞു