India
ഡല്‍ഹി കൂട്ട ബലാത്സംഗക്കേസ്: പുനപ്പരിശോധന ഹരജിയില്‍  ഇന്ന് വിധി
India

ഡല്‍ഹി കൂട്ട ബലാത്സംഗക്കേസ്: പുനപ്പരിശോധന ഹരജിയില്‍  ഇന്ന് വിധി

Web Desk
|
9 July 2018 1:54 AM GMT

2012 ഡിസംബര്‍‌ 16 നായിരുന്നു ഡല്‍ഹി കൂട്ടബലാത്സംഗം. ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ ക്രൂര പീഡനത്തിനിരയായ പെണ്‍കൂട്ടി 16 ദിവസത്തിന് ശേഷം ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.

ഡല്‍ഹി കൂട്ട ബലാത്സംഗക്കേസ് പ്രതികളുടെ പുനപ്പരിശോധന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഉച്ചക്ക് രണ്ട് മണിക്കാണ് വിധി പ്രസ്താവിക്കുക. ഹൈക്കോടതിയുടെ വധ ശിക്ഷാ വിധി സുപ്രീം കോടതി ശരിവച്ചതോടെയാണ് നാല് പ്രതികള്‍ പുനപ്പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവും ഹീനവുമായ കുറ്റകൃത്യമെന്ന് വിലയിരുത്തി കഴിഞ്ഞ വര്‍ഷം മെയ് 5നാണ് ഡല്‍ഹി കൂട്ട ബംലാത്സംഗ ക്കേസിലെ 4 പ്രതികളുടെ വധ ശിക്ഷ സുപ്രീം കോടതി ശരിവച്ചത്. പ്രതികളായ പവന്‍ കുമാര്‍ ഗുപ്ത, മുകേഷ് കുമാര്‍, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവര്‍ക്കായിരുന്നു വധ ശിക്ഷ. എന്നാല്‍ ഈ വിധിയില്‍ ഗുരുതര വീഴ്ചകളുണ്ടന്നാണ് പ്രതികളുടെ വാദം. ഡല്‍ഹി പോലീസ് തെളിവുകള്‍ കെട്ടിച്ചമച്ചു. മുകേഷ് കുമാര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നില്ല, സാക്ഷി മൊഴികളില്‍ സംശയമുണ്ടെന്നും പ്രതികളുടെ അഭിഭാഷകര്‍ വാദിച്ചു.

ഈ വാദങ്ങളെ ഡല്‍‌ഹി പോലീസ് ശക്തമായാണ് എതിര്‍ത്തിരുന്നത്. തെളിവുകളുടെയും സാക്ഷി മൊഴികളുടെയും സുതാര്യത വിചാരണക്കോടതിയില്‍ തന്നെ തെളിയിക്കപ്പെട്ടതാണ്. ഒരിക്കല്‍പോലും പ്രതികള്‍ കസ്റ്റഡി പീഡനത്തിനിരയായിട്ടില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടി. തുറന്ന കോടതിയില്‍ വാദം കേട്ട പുനപ്പരിശോധന ഹര്‍ജി എന്ന അപൂര്‍വ്വതയും ഈ കേസിനുണ്ട്. 2012 ഡിസംബര്‍‌ 16 നായിരുന്നു ഡല്‍ഹി കൂട്ടബലാത്സംഗം. ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ ക്രൂര പീഡനത്തിനിരയായ പെണ്‍കൂട്ടി 16 ദിവസത്തിന് ശേഷം ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.

Related Tags :
Similar Posts