ഐഎസ്ആര്‍ഒ ചാരക്കേസ് സുപ്രീം കോടതി വിധി പറയാന്‍ മാറ്റി
|ഐഎസ്ആര്‍ഒ ചാരക്കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണമാകാമെന്ന് സിബിഐ. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കാമെന്നും സിബിഐ കോടതിയില്‍ അറിയിച്ചു
ഐഎസ്ഈര്‍ഒ ചാരക്കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആകാമെന്ന് സിബിഐ സുപ്രീം കോടതിയിൽ. നമ്പി നാരായണനുള്ള നഷ്ടപരിഹാരം എന്ത് കൊണ്ട് ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കിക്കൂടാ എന്ന് കോടതിയും ചോദിച്ചു. കേസ് വിധി പറയാനായി സുപ്രീംകോടതി മാറ്റി. അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നമ്പി നാരായണൻ പറഞ്ഞു.
ചാരക്കേസിൽ തന്നെ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും പുറമെ നഷ്ടപരിഹാരവുമാവശ്യപ്പെട്ടാണ് മുൻ ഐഎസ്ഈര്‍ഒ ഉദ്യോഗസ്ഥൻ നമ്പി നാരായണൻ സുപ്രീംകോടതിയെ സമീപിച്ചത്. കേസന്വേഷിക്കാൻ നേരത്തെ തന്നെ സന്നദ്ധത അറിയിച്ച സിബിഐ ഇന്ന് കോടതി മേൽനോട്ടത്തിലുള്ള അന്വേഷണമാകാം എന്നും പറഞ്ഞു. അന്വേഷണത്തെ എന്തിന് ഭയപ്പെടണം. ചാരക്കേസിന്റെ ഭാഗമായിരുന്ന തങ്ങളുടെ ഉദ്യോഗസ്ഥരുടെ പങ്കും വേണമെങ്കിൽ അന്വേഷിക്കട്ടെ എന്ന് സിബിഐ വ്യക്തമാക്കി.
എന്നാൽ കരിയറിൽ ഒരു കളങ്കവും ഏറ്റിട്ടില്ലെന്നും വിശ്വാസ്യത നഷ്ടപ്പെടുത്തതെയാണ് പ്രവർത്തിച്ചതെന്നും ആരോപണ വിധേയരായ മുൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. നമ്പി നാരായണനുള്ള നഷ്ടപരിഹാരം തങ്ങൾ എന്തിന് നൽകണം എന്നും ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യുസ്, കെ കെ ജോഷ്വാ, ടി.വിജയൻ എന്നിവർ വാദിച്ചു. എന്ത് കൊണ്ട് നഷ്ടപരിഹാരം ഉദ്യോഗസ്ഥർ തന്നെ നൽകി കൂടാ എന്നായിരുന്നു ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചന്റെ മറു ചോദ്യം.
കോടതിയിൽ നിന്ന് അനുകൂല വിധി പ്രതീക്ഷകുന്നതായി പിന്നീട് നമ്പി നാരായണൻ പറഞ്ഞു. നമ്പി നാരയണനുള്ള നഷ്ടപരിഹാരം വർധിപ്പിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇന്നും ആവർത്തിച്ചു. നഷ്ട പരിഹാരം എങ്ങനെ ലഭ്യമാക്കണം എന്നതടക്കം ഉള്ള കാര്യങ്ങൾ സംസ്ഥാനം തീരുമാനിക്കട്ടെ എന്ന പരാമർശവും വാദത്തിനിടെ കോടതിയിൽ നിന്നുണ്ടായി.