രക്ഷിതാക്കള്‍ ഫീസ് അടയ്ക്കാന്‍ വൈകി; കുരുന്നുകളെ സ്കൂള്‍ അധികൃതര്‍ ഭക്ഷണവും വെള്ളവും നല്‍കാതെ ഭൂഗര്‍ഭ അറയില്‍ പൂട്ടിയിട്ടു
|ഫീസ് അടക്കാന്‍ വൈകിയതിന് നഴ്‍സറി വിദ്യാര്‍ത്ഥിനികളായ 16 പെണ്‍കുട്ടികളെ സ്‌കൂളില്‍ പൂട്ടിയിട്ടാണ് സ്‌കൂള്‍ അധികൃതര്‍ പ്രതികാരം ചെയ്തത്.
രക്ഷിതാക്കള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിന് ശിക്ഷ കുരുന്നുകള്‍ക്ക്. ഡല്‍ഹിയിലെ ഹൗസ് ഖാസിയിലെ കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളിലാണ് സംഭവം. ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ 16 പെണ്‍കുട്ടികളെ സ്‌കൂളില്‍ പൂട്ടിയിട്ടാണ് സ്‌കൂള്‍ അധികൃതര്‍ പ്രതികാരം ചെയ്തത്. രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടര വരെ സ്‌കൂളിന്റെ അടിത്തട്ടിലുള്ള അറയില്‍ വിദ്യാര്‍ഥികളെ പൂട്ടിയിടുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു.
ഫാനോ എസിയോ ഇല്ലാത്തതിനാല്‍ പൊള്ളുന്ന ചൂടായിരുന്നു ആ റൂമിലെന്നും രക്ഷിതാക്കള്‍ പറയുന്നു. യാതൊരു ദയയുമില്ലാതെയാണ് സ്കൂള്‍ അധികൃതര്‍ കുരുന്നുകളെ ആ റൂമിലടച്ചിട്ടത്. തങ്ങളെത്തുമ്പോള്‍ കുഞ്ഞുങ്ങള്‍ പേടിച്ചും ദാഹിച്ചും വിശന്നും കരയുകയായിരുന്നുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
‘ഞങ്ങളെത്തുമ്പോള്‍ കുട്ടികളെ കെട്ടിടത്തിന് താഴെയുള്ള മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഞാന്‍ ഫീസ് അടച്ചിരുന്നതാണ്, എന്നിട്ടും എന്റെ മകളെ ശിക്ഷിച്ചു. വിശന്നും ദാഹിച്ചും ചൂടില്‍ തളര്‍ന്നു പോയിരുന്നു കുട്ടികള്‍. പൊലീസാണ് കുട്ടികളെ തുറന്നുവിടാന്‍ ഞങ്ങളെ സഹായിച്ചത്. ഫീസ് അടച്ചതിന്റെ രേഖകള്‍ കാണിച്ചപ്പോള്‍ പോലും പ്രിന്‍സിപ്പല്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായില്ല’. കുട്ടികളില്‍ ഒരാളുടെ രക്ഷിതാവായ സിയാ ഉദ് ദീന്‍ പറയുന്നു.
ഇനി അഥവാ രക്ഷിതാക്കള്‍ ഫീസ് അടയ്ക്കാന്‍ വൈകിയാല്‍ തന്നെ അതിന് കുട്ടികളെ ശിക്ഷിക്കുകയാണോ വേണ്ടതെന്ന് ചോദിക്കുന്നു മറ്റൊരു രക്ഷിതാവായ മുഹമ്മദ് ഖാലിദ്. തങ്ങളെത്തുമ്പോള്‍ കുട്ടികള്‍ നിര്‍ത്താതെ കരയുകയായിരുന്നുവെന്നും ഖാലിദ് കൂട്ടിച്ചേര്‍ക്കുന്നു.
സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 പ്രകാരം കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസില്‍ അന്വേഷണമാരംഭിച്ചു കഴിഞ്ഞതായും പൊലീസ് പറഞ്ഞു.