മഴക്കെടുതി തുടരുന്നു; മണിപ്പൂരിലുണ്ടായ മണ്ണിടിച്ചിലില്‍ 9 പേര്‍ മരിച്ചു
|ഇന്ന് പുലര്‍ച്ചെ മണിപ്പൂരിലെ തമെംഗ് ലോംഗിലുണ്ടായ മണ്ണിടിച്ചിലാണ് 9 പേര്‍ മരിച്ചത്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതി തുടരുന്നു. മണിപ്പൂരിലുണ്ടായ മണ്ണിടിച്ചിലില്‍ 9 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ വിവിധയിടങ്ങളില്‍ മഴമൂലമുണ്ടായ അപകടങ്ങളില്‍ 7 പേര്‍ മരിച്ചു. അതിനിടെ മുംബൈയില്‍ നാലു ദിവസമായി പെയ്യുന്ന കനത്ത മഴക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ മണിപ്പൂരിലെ തമെംഗ് ലോംഗിലുണ്ടായ മണ്ണിടിച്ചിലാണ് 9 പേര്‍ മരിച്ചത്. ഈ മേഖലയില്‍ ഏതാനും വീടുകളും തകര്‍ന്നിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ വിവിധയിടങ്ങളില്‍ മഴ മൂലമുണ്ടായ അപകടങ്ങളില്‍ 7 പേര്‍ മരിച്ചു. പിത്തോര്‍ഗയിലെ നച്ചാനി മേഖലയില്‍ കനത്ത മഴയിലും കാറ്റിലും തൂക്കുപാലം ഒലിച്ചു പോയി. ഫക്കോട്ട് ബിന്നു എന്നീ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായാതോടെ ചംബാ- റിഷികേഷ് ദേശീയ പാത 94 ലെ ഗതാഗതം നിര്‍ത്തിവെച്ചു. സംസ്ഥാനത്ത് സ്കൂളുകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ ശക്തമായതോടെ ഗുജറാത്തിന്റെ ചില ഭാഗങ്ങളും വെള്ളത്തിനടയിലായി. എന്നാല്‍ മുംബൈ നഗരത്തില്‍ നാല് ദിവസമായി പെയ്യുന്ന കനത്ത മഴക്ക് നേരിയ ശമനമുണ്ടായി. നിര്‍ത്തി വച്ചിരുന്ന സബര്‍ബന്‍ ട്രെയിനുകള്‍ പലയിടത്തും ഓടിത്തുടങ്ങി. നേരത്തെ നല സപോര റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങിയിരുന്ന 1500 പേരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തിയിരുന്നു.