താജ്മഹല്‍ ഒന്നുകില്‍ സംരക്ഷിക്ക്, അല്ലെങ്കില്‍ പൊളിക്ക്; കേന്ദ്രത്തിനെതിരെ പൊട്ടിത്തെറിച്ച് സുപ്രിംകോടതി
|ലോകാത്ഭുതങ്ങളിലൊന്നായ താജ്‍മഹലിന്‍റെ സംരക്ഷണകാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സുപ്രിംകോടതി. കേന്ദ്രത്തിന്‍റെ നിലപാട് ആശാവഹമല്ലെന്ന് സുപ്രിംകോടതി.
ലോകാത്ഭുതങ്ങളിലൊന്നായ താജ്‍മഹലിന്‍റെ സംരക്ഷണകാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സുപ്രിംകോടതി. താജ്മഹലിന്‍റെ കാര്യത്തില്‍ കേന്ദ്രത്തിന്‍റെ നിലപാട് ആശാവഹമല്ലെന്ന് സുപ്രിംകോടതി വിമര്‍ശിച്ചു.
‘’നിങ്ങള്‍ ഒന്നുകില്‍ താജ്മഹല്‍ അടച്ചിട്, അല്ലെങ്കില്‍ പൊളിക്ക്, എന്നിട്ട് പുനര്‍നിര്‍മിക്ക്.’’ - സുപ്രിംകോടതി പറഞ്ഞു.
താജ്മഹല്‍ എങ്ങനെ സംരക്ഷിക്കാമെന്ന വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിന്‍റെ പ്രതികരണത്തില്‍ അതിയായ അതൃപ്തി അറിയിച്ചുകൊണ്ടായിരുന്നു സുപ്രിംകോടതിയുടെ വിമര്‍ശം. താജ്മഹലിന്‍റെ ശോഭ കെടുത്തുന്ന മലിനീകരണ സ്രോതസ് കണ്ടെത്താന്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കാന്‍ കോടതി ഉത്തരവിട്ടു. മലിനീകരണത്തിന്‍റെ തോത് നിര്‍ണയിക്കാനും ഇത് തടയാനുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാനും ഈ കമ്മിറ്റി ബാധ്യസ്ഥരായിരിക്കും.
താജ്മഹല്‍ നിലകൊള്ളുന്ന ആഗ്ര, പ്രധാന വ്യാവസായിക മേഖല കൂടിയാണ്. കൂണുപോലെ മുളച്ചുപൊന്തുന്ന വ്യാവസായിക ഫാക്ടറികള്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ നഗരത്തിലെ വായുമലിനീകരണം കുത്തനെ വര്‍ധിപ്പിച്ചു. ചരിത്ര സ്മാരകത്തിന്‍റെ അറ്റകുറ്റപണി സമയബന്ധിതമായി നിർവഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിലാണ് കേന്ദ്രസർക്കാറിനെ സുപ്രിംകോടതി രൂക്ഷമായി വിമർശിച്ചത്.
ഈഫൽ ടവറിനെ താരതമ്യം ചെയ്തു കൊണ്ടാണ് സുപ്രിംകോടതി താജ്മഹലിന്‍റെ മനോഹാരിതയെ ചൂണ്ടിക്കാട്ടിയത്. വെറും ടി.വി ടവർ പോലുള്ള ഈഫൽ ടവർ വിനോദ സഞ്ചാരികളുടെ യൂറോപ്പിലെ ഇഷ്ട കേന്ദ്രമാണ്. 80 ലക്ഷം സന്ദർശകരാണ് ഈഫൽ ടവർ കാണാൻ എത്തുന്നത്. എന്നാൽ, നമ്മുടെ താജ് മഹൽ അതിനേക്കാൾ എത്ര മനോഹരമാണ്. മികച്ച രീതിയിൽ പരിപാലിച്ചാൽ വിദേശ നാണ്യം വർധിപ്പിക്കാൻ സർക്കാറിന് സാധിക്കും. നിങ്ങളുടെ ഉദാസീനത കൊണ്ട് രാജ്യത്തിന് എത്രമാത്രം നഷ്ടമാണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.