പി.ഡി.പിയെ പിളര്‍ത്താന്‍ നോക്കേണ്ട; ബി.ജെ.പിക്ക് കടുത്ത മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി
|1987 ലെ പോലെ ജനങ്ങളുടെ വോട്ടവകാശത്തെ ഹനിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കമെങ്കില്‍ കടുത്ത പ്രതിസന്ധിയായിരിക്കും നേരിടേണ്ടി വരികയെന്ന് മെഹബൂബ പറഞ്ഞു. നീക്കം കൂടുതല്‍ വിഘടന വാദികള്‍ക്ക് ജന്മം നല്‍കും.
പി.ഡി.പിയെ പിളര്‍ത്താനുള്ള ബി.ജെ.പി നീക്കത്തിന് എതിരെ മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ബി.ജെ.പിയുടെ നീക്കം കടുത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന് മുഫ്തി പറഞ്ഞു. ബി.ജെ.പി സര്‍ക്കാരിനെ പിന്തുണക്കാനുള്ള വിമത പി.ഡി.പി എം.എല്‍.എമാരുടെ നീക്കത്തിനിടെയാണ് പ്രതികരണം.
വിമത എം.എല്‍.എമാരെ കൂടെ കൂട്ടി ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിനിടെയാണ് കടുത്ത വിമര്‍ശനവുമായി മെഹബൂബ മുഫ്തി രംഗത്തിയത്. 1987 ലെ പോലെ ജനങ്ങളുടെ വോട്ടവകാശത്തെ ഹനിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കമെങ്കില്‍ കടുത്ത പ്രതിസന്ധിയായിരിക്കും നേരിടേണ്ടി വരികയെന്ന് മെഹബൂബ പറഞ്ഞു. നീക്കം കൂടുതല്‍ വിഘടന വാദികള്‍ക്ക് ജന്മം നല്‍കും.
നേരത്തെ പി.ഡി.പി എം.എല്‍.എ ആബിദ് അന്‍സാരി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിന് എതിരെ രംഗത്തെത്തിയിരുന്നു. ഒരു ഡസനിലധികം എം.എല്‍.എമാരെ കൂടെ കൂട്ടി ബി.ജെ.പി സര്‍ക്കാരിനെ പിന്തുണക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അതിനിടെ മെഹബൂബ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്ന നിര്‍മ്മല്‍ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബുധനാഴ്ച്ച കൂടിക്കാഴ്ച്ച നടത്തി. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി റാം മാധവുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.