India
ലൈംഗികാരോപണം:  ഗുജറാത്ത് ബിജെപി ഉപാധ്യക്ഷന്‍ എല്ലാ പാര്‍ട്ടി സ്ഥാനങ്ങളും രാജിവെച്ചു
India

ലൈംഗികാരോപണം: ഗുജറാത്ത് ബിജെപി ഉപാധ്യക്ഷന്‍ എല്ലാ പാര്‍ട്ടി സ്ഥാനങ്ങളും രാജിവെച്ചു

Web Desk
|
14 July 2018 6:01 AM GMT

സൂറത്തില്‍ നിന്നുള്ള ഇരുപത്തിയൊന്നുകാരിയാണ് മുന്‍ എംഎല്‍എ കൂടിയായ  ഭാനുഷാലിക്കെതിരെ പീഡനാരോപണം ഉന്നയിച്ചത്. പ്രമുഖ ഫാഷന്‍ ഡിസൈന്‍ കോളജില്‍ അഡ്മിഷന്‍ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത്...

ഗുജറാത്ത് ബിജെപി ഉപാധ്യക്ഷന്‍ ജയന്തി ഭാനുഷാലി ആ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി നല്‍കിയ എല്ലാ സ്ഥാനങ്ങളും രാജിവെച്ചിട്ടുണ്ട്. ലൈംഗികപീഡന ആരോപണത്തെ തുടര്‍ന്നാണ് രാജി. കച്ചില്‍ നിന്നുള്ള മുന്‍ എംഎല്‍എ കൂടിയാണ് ഇയാള്‍.

സൂറത്തില്‍ നിന്നുള്ള ഇരുപത്തിയൊന്നുകാരിയാണ് മുന്‍ എംഎല്‍എ കൂടിയായ ഭാനുഷാലിക്കെതിരെ പീഡനാരോപണം ഉന്നയിച്ചത്. പ്രമുഖ ഫാഷന്‍ ഡിസൈന്‍ കോളജില്‍ അഡ്മിഷന്‍ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ജയന്തി ഭാനുഷാലി തന്നെ പല തവണ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. 2007- 2012 കാലയളവില്‍ അബ്‍ദസ അസംബ്ലിയില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു ഭാനുഷാലി.

തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിക്കുന്നതായും, സംസ്ഥാന അധ്യക്ഷന്‍ ജിതു വഗാനിക്ക് അയച്ച രാജിക്കത്തില്‍ ജയന്തി ഭാനുഷാലി പറഞ്ഞു. വാര്‍ത്ത പുറത്ത് വന്നതോടെ വഗാനി, ഭാനുഷാലിയുടെ രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും സംസാരമുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി വറാച്ച പൊലീസ് സ്റ്റേഷനിലും സൂറത്ത് പൊലീസ് കമ്മീഷണര്‍ സതീഷ് ശര്‍മയ്ക്കും പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്റെയും തന്റെ കുടുംബാംഗങ്ങളുടെയും ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.

ഫാഷന്‍ ഡിസൈനിംഗ് പഠിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച പെണ്‍കുട്ടിയെ ഒരു ബന്ധുവാണ് 57 കാരനായ ജയന്തി ഭാനുഷാലിക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. പിന്നീട് 2017 നവംബറില്‍ പെണ്‍കുട്ടിയോട് സര്‍ട്ടിഫിക്കറ്റുകളുമായി അഹമ്മദാബാദിലേക്ക് വരാന്‍ ഭാനുഷാലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗാന്ധിനഗറിലേക്കുള്ള യാത്രമധ്യേ കാറില്‍ വെച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

ഇയാളുടെ കൈയില്‍ കത്തിയും സഹായിയുടെ കൈയില്‍ തോക്കും ഉണ്ടായിരുന്നു. പീഡനത്തിന്റെ വീഡിയോ എംഎല്‍എയുടെ സഹായി പകര്‍ത്തുകയും ചെയ്തുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

Related Tags :
Similar Posts