ഹിന്ദു പാകിസ്താന്‍ പരാമര്‍ശം: തരൂര്‍ ഹാജരാകണമെന്ന് കൊല്‍ക്കത്ത കോടതി
|ഓഗസ്റ്റ് 14ന് തരൂര്‍ കോടതിയില്‍ ഹാജരാകണം. അഭിഭാഷകനായ സുമിത് ചൌധരിയാണ് തരൂരിനെതിരെ കോടതിയെ സമീപിച്ചത്.
ഹിന്ദു പാകിസ്ഥാൻ പരാമർശത്തിൽ നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ശശി തരൂരിനോട് കൊൽക്കത്ത മജിസ്ട്രേറ്റ് കോടതി. ഓഗസ്റ്റ് 14 നാണ് തരൂര്‍ ഹാജരാകേണ്ടത്. രാജ്യത്തെ അപമാനിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും കാണിച്ച് അഭിഭാഷകനായ സുമീത് ചൗധരിയാണ് കോടതിയെ സമീപിച്ചത്. അതിനിടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ശശി തരൂര്‍ ആവര്‍ത്തിച്ചു.
2019 ല്‍ ബിജെപി അധികാരത്തിലെത്തുകയും രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ ഭരണ ഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കുമെന്നുമായിരുന്നു ശശി തരൂരിന്‍റെ പരാമര്‍ശം. ഇത് രാജ്യത്തെ അപമാനിക്കുന്നതാണെന്നും മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും കാണിച്ച് അഭിഭാഷകനായ സുമിത് ചൌധരിയാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യം പരിഗണിച്ച കൊല്‍ക്കത്ത മജിസ്ട്രേറ്റ് കോടതി ഓഗസ്റ്റ് 14 ന് നേരിട്ട് ഹാജരാകണമെന്ന് തരൂരിനോട് ആവശ്യപ്പെട്ടു. സാധാരണ നടപടി ക്രമങ്ങളില്‍ നിന്നും വ്യത്യസ്തമായി തരൂരിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയോ ട്വിറ്റര്‍ പേജിലൂടെയോ സമന്‍സ് അയച്ചാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ബിജെപിക്കും ആര്‍എസ്എസിനും എതിരായ വാക്കുകള്‍ നേരത്തെ തന്നെ പറഞ്ഞതാണെന്നും അത് ഇനിയും ആവര്‍ത്തിക്കുമെന്നും ഒരു ഓണ്‍ലൈന്‍മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ ശശി തരൂര്‍ വ്യക്തമാക്കി. മത മേധാവിത്വ രാഷ്ട്രമായി രൂപീകരിച്ച പാകിസ്ഥാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഒരുകാലത്തും തുല്യ പരിഗണന നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ത്യ ഇതില്‍ നിന്നും തീര്‍ത്തും വിഭിന്നമായിരുന്നു. ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും ഹിന്ദു രാഷ്ട്രമെന്ന അജണ്ട പാകിസ്ഥാന്‍റെ പ്രതിബിംബമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
2019ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഒരു 'ഹിന്ദു പാക്കിസ്താന്‍' ആയി മാറുമെന്നായിരുന്നു ശശി തരൂരിന്റെ പ്രസ്താവന. ഇത് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തിരുവനന്തപുരത്തു വെച്ച് നടന്ന ഒരു പൊതു പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടയിലാണ് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ വിവാദ പരാമര്‍ശം നടത്തിയത്.
തരൂരിന്റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് ബിജെപി. ഇന്ത്യയെയും ഹിന്ദുക്കളെയും അപമാനിക്കുന്നതാണ് തരൂരിന്റെ പ്രസ്താവനയെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തരൂരും മാപ്പ് പറയണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് പാര്‍ട്ടി തരൂരിനെ കയ്യൊഴിയുകയും വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കണമെന്ന താക്കീത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ശശി തരൂര്‍. താനിക്കാര്യം മുമ്പും പറഞ്ഞിട്ടുണ്ടെന്നും ഇനിയും പറയുമെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണത്തില്‍ തരൂര്‍ പറഞ്ഞത്.