യുപിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ക്ഷേത്രത്തിലിട്ട് തീവെച്ചു കൊന്നു
|യുപിയില്‍ 35കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി തീവെച്ചു കൊന്നു. യുപിയിലെ സംബാല്‍ ജില്ലയിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം. രണ്ട് കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട യുവതി.
യുപിയില്‍ 35കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി തീവെച്ചു കൊന്നു. യുപിയിലെ സംബാല്‍ ജില്ലയിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം. അഞ്ച് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ യുവതിയെ തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ യാഗശാലയില്‍ കൊണ്ടുപോയി തീവെച്ചുകൊല്ലുകയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട യുവതി.
രാജ്പുര പൊലീസ് സ്റ്റേഷന് പരിധിയില്‍ ഇന്നലെ പുലര്‍ച്ചെ 2.30ഓടെയാണ് അക്രമം നടന്നത്. വീട്ടില്‍ അതിക്രമിച്ചുകയറിയ അഞ്ചംഗ സംഘം ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവസമയം ഗാസിയാബാദില്‍ ജോലി ചെയ്യുന്ന യുവതിയുടെ ഭര്‍ത്താവ് വീട്ടിലില്ലായിരുന്നു.
ബലാത്സംഗം ചെയ്ത ശേഷം അക്രമിസംഘം തിരിച്ചുപോയി. ഈ സമയത്ത് ബന്ധുവിനെ ഫോണില്‍ വിളിച്ച യുവതി സംഭവത്തെക്കുറിച്ച് പറയുകയും, ഭര്‍ത്താവിനെയും സഹോദരനെയും ഫോണില്‍ വിളിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരെ വിളിച്ചിട്ട് കിട്ടിയില്ല. സഹായത്തിനായി പൊലീസ് സഹായ നമ്പറായ 100ലേക്കും യുവതി വിളിച്ചിരുന്നു. എന്നാല്‍ ഈ ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്തില്ല.
സംഭവം ബന്ധു മറ്റുള്ളവരെ അറിയിക്കാന്‍ ശ്രമിക്കുന്നതിനിടെ തിരികെയെത്തിയ അക്രമി സംഘം യുവതിയെ അടുത്തുള്ള ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. ക്ഷേത്രത്തിലെ യാഗശാലയിലെത്തിച്ച ശേഷം അവിടെ വച്ച് തീകൊളുത്തി കൊല്ലുകയായിരുന്നു.
യുവതി ബന്ധുവിനെ വിളിച്ച അവസാന ഫോൺ കോളിന്റെ ഓഡിയോ ക്ലിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേസിൽ നിർണായക തെളിവാകും. ഈ ക്ലിപ്പില്‍ പ്രതികളക്കുറിച്ചുള്ള വിവരങ്ങളുണ്ട്. ക്ലിപ്പിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്ന് എഡിജിപി പ്രേം പ്രകാശ് പറഞ്ഞു.