India
ഹാപ്പൂർ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട സമീഉദ്ദീൻ അന്ന് നടന്നതൊക്കെയും ഞെട്ടലോടെ ഓര്‍ക്കുന്നു
India

ഹാപ്പൂർ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട സമീഉദ്ദീൻ അന്ന് നടന്നതൊക്കെയും ഞെട്ടലോടെ ഓര്‍ക്കുന്നു

Web Desk
|
17 July 2018 6:04 AM GMT

അന്നത്തെ സംഭവങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നത്. പരിക്കിന്‍റെ പിടിയിൽ നിന്ന് പൂർണ്ണമായി മുക്തനായിട്ടില്ല 62കാരനായ ആ വൃദ്ധൻ.

"ലാത്തിയും മരക്കഷ്ണങ്ങളും കൊണ്ട് അവരെന്നെ ഓടിച്ചിട്ട് തല്ലി. ഒരു കിലോമീറ്ററോളം ഓടിയ ഞാൻ ഒരു ക്ഷേത്രത്തിനു മുന്നിൽ തളർന്നു വീണു. എന്നെ പിന്തുടർന്നെത്തിയ ജനക്കൂട്ടത്തിൽ വീണ്ടും ആളുകൾ കൂടി. അവരെന്നെ മർദിച്ചു ജീവച്ഛവമാക്കി," ഡൽഹിയിലെ ഒരു കോൺഫറൻസ് മുറിയിൽ ഇരുന്നുകൊണ്ട് ആ കറുത്ത ദിനത്തിലെ ഭീതിതമായ അനുഭവം ഓർത്തെടുത്തു സമീഉദ്ദീന്‍. ഉത്തർപ്രദേശിലെ ഹാപ്പൂരിൽ പശുക്കടത്താരോപിച്ചു തല്ലിക്കൊല്ലപ്പെട്ട കാസിമിന്‍റെ കൊലയാളികളുടെ കയ്യിൽ നിന്ന് ഗുരുതരമായ പരിക്കുകകളോടെ രക്ഷപ്പെട്ടതാണ് സമീഉദ്ദീന്‍. അന്നത്തെ സംഭവങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നത്. പരിക്കിന്‍റെ പിടിയിൽ നിന്ന് പൂർണ്ണമായി മുക്തനായിട്ടില്ല 62കാരനായ ആ വൃദ്ധൻ.

ജൂൺ പതിനെട്ടിന് ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിലെ മദാപൂർ ഗ്രാമത്തിൽ വെച്ച് തനിക്കും കാസിമെന്ന 45കാരനായ ഒരു കന്നുകാലികച്ചവടക്കാരനുമെതിരെ നടന്ന ആൾക്കൂട്ട ആക്രമണത്തെ കുറിച്ച് ഓർത്തെടുക്കുകയായിരുന്നു സമീഉദ്ദീന്‍. തൊട്ടടുത്ത ഹിന്ദു ഗ്രാമത്തിൽ നിന്ന് വന്ന ആ ആൾകൂട്ടം പശുവിനെ കൊന്നെന്നാരോപിച്ചാണ് കാസിമിനെയും സമീഉദ്ദീനെയും പൊതിരെ തല്ലിയത്. മർദനത്തിൽ കാസിം കൊല്ലപ്പെടുകയും സമീഉദ്ദീന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ബൈക്ക് അപകടത്തിന് ശേഷം നടന്ന വാക്ക്തർക്കമാണ് അക്രമത്തിലേക്കും തുടർന്നുണ്ടായ കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം. പക്ഷെ, സംഭവത്തിന് ദൃക്സാക്ഷികളായ ഗ്രാമവാസികളുടെ മൊഴികളും പിന്നീട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകളും ഈ വാദത്തെ നിരാകരിക്കുമ്പോൾ തന്നെയാണ് പൊലീസ് അതിൽ ഉറച്ചുനിൽക്കുന്നത്. വീഡിയോകളിലൊന്നിൽ മർദനമേറ്റ് അവശനായി അക്രമികളോട് വെള്ളത്തിന് വേണ്ടി കേണപേക്ഷിക്കുന്ന കാസിമിനെ വ്യക്തമായി കാണാനാകും. മറ്റൊരു വീഡിയോയിൽ ജനക്കൂട്ടം സമീഉദ്ദീന്‍റെ താടി പിടിച്ചു വലിക്കുന്നതും പ്രായം പോലും പരിഗണിക്കാതെ തല്ലുന്നതും പശുവിനെ കൊലപ്പെടുത്തിയെന്നു സമ്മതിക്കാൻ നിർബന്ധിക്കുന്നതും കാണാം. കൊച്ചു കുഞ്ഞുങ്ങൾ പോലും ചുറ്റും കൂടി നിൽക്കുന്നുമുണ്ട്. സംഭവത്തിലെ മുഖ്യ ദൃക്സാക്ഷിയായ സമീഉദ്ദീന്‍റെ മൊഴി രേഖപ്പെടുത്താൻ ഇതുവരെയും തയ്യാറായിട്ടില്ല ഉത്തർപ്രദേശ് പൊലീസ്. കേസിൽ സുതാര്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് ഉന്നത പൊലീസ് അധികാരികൾക്ക് കത്തെഴുതിയിട്ടുണ്ട് സമീഉദ്ദീന്‍.

“ലാത്തിയും മരക്കഷ്ണങ്ങളും കൊണ്ട് അവരെന്നെ ഓടിച്ചിട്ട് തല്ലി. ഒരു കിലോമീറ്ററോളം ഓടിയ ഞാൻ ഒരു ക്ഷേത്രത്തിനു മുന്നിൽ തളർന്നു വീണു. എന്നെ പിന്തുടർന്നെത്തിയ ജനക്കൂട്ടത്തിൽ വീണ്ടും ആളുകൾ കൂടി. അവരെന്നെ മർദിച്ചു ജീവച്ഛവമാക്കി,”

അന്ന് ശരിക്കും എന്താണ് സംഭവിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നു, "അയൽവാസിയായ ഹസന്‍റെ കൂടെ എന്‍റെ വയലിൽ ബീഡി വലിച്ചുകൊണ്ട് നിൽക്കുകയായിരിക്കുന്നു ഞാൻ. കാലികൾക്കുള്ള തീറ്റ കൊണ്ടുവരാനാണ് ഞങ്ങൾ പാടത്തേക്ക് പോയത്. ഏകദേശം പതിനൊന്നര മണിയായിക്കാണും, പത്തു പതിനഞ്ചു പേരുള്ള ഒരു ആൾക്കൂട്ടം കാസിമിനെ ആക്രമിക്കുന്നത് ഞങ്ങൾ കണ്ടു. മിനുറ്റുകൾക്ക് മുമ്പ് കാസിം വയലിലേക്ക് നടന്നു പോകുന്നത് ഞങ്ങൾ കണ്ടതാണ്. അവിടെ പശുവോ ബൈക്കോ മറ്റു വാഹനങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല."

പ്രായമായ ഉമ്മയും ഭാര്യയും അഞ്ചു പെൺമക്കളും രണ്ടു ആൺമക്കളും അടങ്ങിയ വലിയൊരു കുടുംബത്തിന്‍റെ ഏക ആശ്രയമാണ് സമീഉദ്ദീൻ. സ്വന്തമായുള്ള കുറച്ച് ഭൂമിക്കുപുറമേ സഹോദരന്മാർക്ക് കൂടി പങ്കാളിത്തമുള്ള ഭൂമിയിലും കൃഷി ചെയ്യുകയാണ് സമീഉദ്ധീൻ. മൂത്ത സഹോദരൻ അറുപത്തഞ്ചുകാരൻ മെഹ്റൂബീൻ ഗാസിയാബാദിൽ ഒരു ചെറിയ കട നടത്തുകയാണ്. അദ്ദേഹം കുടുംബവുമായി അവിടെയാണ് താമസം. ചെറിയ സഹോദരനായ യാസീൻ കുടുംബസമേതം ഉത്തരാഖണ്ഡിലെ മുസ്സൂറിയിലാണ് താമസം. അവിടെ ഒരു ടാക്സി ഡ്രൈവറായി ജീവിക്കുന്നു. സമീഉദ്ദീന്‍റെ വീട്ടിൽ ഒരു പശുവും രണ്ടു പശുക്കിടാങ്ങളുമുണ്ടെന്ന് പറയുന്നു അദ്ദേഹം.

കാസിം സ്ഥിരമായി ഹാപ്പൂരിലെ ഗ്രാമങ്ങളിൽ കന്നുകാലി കച്ചവടം നടത്തിയിരുന്നു എന്നതല്ലാതെ അദ്ദേഹത്തിന്‍റെ കുറിച്ച് കൂടുതലൊന്നും അറിയുമായിരുന്നില്ലെന്നാണ് സമീഉദ്ധീൻ പറയുന്നത്. പൊലീസിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾക്കനുസരിച്ചു മദാപൂരിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂരെയുള്ള പിൽഖുവാ ഗ്രാമത്തിൽ നിന്നുള്ള ആളാണ് കാസിം. നൂറിലധികം മുസ്ലിം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഗ്രാമാണ് കാസിമിന്‍റെത്. ഗ്രാമവാസികളിൽ മിക്കവരും നെല്ലോ ഗോതമ്പോ കൃഷി ചെയ്താണ് ഉപജീവന മാർഗ്ഗം കണ്ടെത്തുന്നത്. ചിലർ കൂലിപ്പണിക്കാരായും ജീവിക്കുന്നു.

കാസിമിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് ജനക്കൂട്ടം തന്‍റെ നേർക്ക് തിരിഞ്ഞതെന്ന് പറയുന്നു സമീഉദ്ദീൻ. "അവർ ഞങ്ങളെ രണ്ടു പേരെയും നിർദയം മർദിച്ചു. പക്ഷെ, ഹസൻ എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു ഞങ്ങളുടെ ഗ്രാമത്തിൽ പോയി വിവരമറിയിച്ചു."

വിവാദത്തിലകപ്പെട്ടു പൊലീസ്

കാസിമിനെ റോഡിലൂടെ വലിച്ചിഴച്ച ജനക്കൂട്ടത്തിനൊപ്പം പൊലീസ് കാഴ്ചക്കാരായി കൂടെ നടക്കുന്ന ചിത്രം പ്രചരിച്ചതോടെ ഉത്തർപ്രദേശ് പൊലീസ് പ്രതിരോധത്തിലായി. പൊലീസിന്‍റെ നടപടിയെ പലരും രൂക്ഷമായി വിമർശിച്ചു. ഒടുവിൽ, സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയും മാപ്പു പറയുകയും ചെയ്യേണ്ടി വന്നു ഉത്തർപ്രദേശ് പൊലീസിന്.

കൊലപാതകം, കൊലപാതക ശ്രമം, കലാപമുണ്ടാക്കുനുള്ള ശ്രമം, നിയമ വിരുദ്ധമായി ഒത്തുചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിക്കൊണ്ട് കണ്ടാലറിയാവുന്ന ചിലർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് പൊലീസ്. അയൽഗ്രാമമായ ഹിൻഡാൽപൂർ സ്വദേശി ദിനേശ് തോമർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയിൽ യാസീനും ഒപ്പിട്ടിട്ടുണ്ട്. സമീഉദ്ദീന്‍റെ കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് ദിനേശ് തോമർ പരാതി നൽകിയിരിക്കുന്നത്.

പരാതിയിൽ പറയുന്നത് ബൈക്ക് അപകടത്തിന്‍റെ പേരിൽ നടന്ന വാക്കുതർക്കത്തിന്‍റെ പേരിൽ കാസിമും സമീഉദ്ദീനും ആക്രമിക്കപ്പെട്ടു എന്നാണ്. അതിനെ കുറിച്ച് ചോദിച്ചപ്പോൾ യാസീൻ പറഞ്ഞത് പൊലീസ് തങ്ങളെ നിർബന്ധിച്ചുവെന്നും ഒപ്പിട്ടില്ലെങ്കിൽ സമീഉദ്ദീനെ കാണാൻ സമ്മതിക്കുകയില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ്. അക്രമത്തിന്‍റെ വീഡിയോ ക്ലിപ്പുകൾ കണ്ടതിനു ശേഷമാണ് സമീഉദ്ദീന് നേരെ നടന്ന അക്രമത്തിന്‍റെ സത്യാവസ്ഥ മനസ്സിലായതെന്നാണ് ദിനേശ് തോമർ പറയുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് നാലു പേരെ അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അതിൽ യുധിഷ്ഠിര എന്ന് പറയുന്ന ആൾക്ക് ജൂലൈ നാലിന് കോടതി ജാമ്യം അനുവദിച്ചു. പരിക്കേറ്റ വ്യക്തി അക്രമികളെന്ന് സംശയിക്കപ്പെടുന്നവരുടെ പേര് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം കോടതിയെ അറിയിച്ചിരിക്കുന്നു എന്നാണ് യുധിഷ്ഠിരക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിന്യായത്തിൽ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ, തന്‍റെ മൊഴിയെടുക്കാതെ ഇതെങ്ങനെ സാധ്യമാകുമെന്നാണ് സമീഉദ്ദീൻ ചോദിക്കുന്നത്. അക്രമികൾ അഡ്മിറ്റ് ചെയ്യാൻ സമ്മതിക്കാത്തതു കാരണം തന്നെ ഒരു ആശുപത്രിയിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ടി വന്നു എന്ന് ആരോപിക്കുന്നു സമീഉദ്ധീൻ. "പാതി അബോധാവസ്ഥയിലാരുന്നെങ്കിലും ചിലതൊക്കെ കേൾക്കാൻ എനിക്ക് സാധിച്ചിരുന്നു. പിൽഖുവയിലെ ജി.എസ് മെഡിക്കൽ കോളജിൽ വെച്ചാണ് കാസിമിന്‍റെ മരണ വാർത്ത ഞാൻ കേൾക്കുന്നത്," സമീഉദ്ദീൻ പറയുന്നു.

സംഭവത്തിൽ പൊലീസിന് പങ്കുള്ള ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുന്നു സുപ്രിംകോടതിയിലെ വക്കീലായ വൃന്ദ ഗ്രോവർ. "പരിക്കേറ്റ വ്യക്തിയുടെ മൊഴി കേസിൽ നിർണ്ണായകമായ തെളിവാണെന്നിരിക്കെ അത് രേഖപ്പെടുത്താത്തതിനു പിന്നിൽ ദുരൂഹതയുണ്ട്," അവർ പറയുന്നു. കേസിൽ സുതാര്യമായ അന്വേഷണം നടക്കണമെന്നും തനിക്കും കാസിമിനും നീതി ലഭിക്കണമെന്നുമാണ് സമീഉദ്ദീന്‍റെ ആവശ്യം.

Similar Posts