India
സംഘപരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ടലിന്‍റെ ഫേസ്‍ബുക്ക് പേജ് പൂട്ടിച്ചു
India

സംഘപരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ടലിന്‍റെ ഫേസ്‍ബുക്ക് പേജ് പൂട്ടിച്ചു

Web Desk
|
16 July 2018 10:44 AM GMT

മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ട് വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ടുകൊണ്ടിരുന്ന സംഘപരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ടലിന്‍റെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജ് പൂട്ടി. 

മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ട് വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ടുകൊണ്ടിരുന്ന സംഘപരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ടലിന്‍റെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജ് പൂട്ടി. വര്‍ഗീയതയിലൂന്നിയ വ്യാജ വാര്‍ത്തകളിലൂടെ സോഷ്യല്‍മീഡിയയില്‍ സ്ഥിരം അസ്വസ്ഥതകള്‍ സൃഷ്ടിച്ചിരുന്ന 'പോസ്റ്റ് കാര്‍ഡ് ന്യൂസി'ന്‍റെ ഔദ്യോഗിക പേജാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. ഇന്നലെയാണ് ഇവരുടെ ഔദ്യോഗിക പേജിന് ഫേസ്‍ബുക്ക് പൂട്ടിട്ടത്. എന്നാല്‍ ഇപ്പോഴും നിലവിലുള്ള വെബ്‍സൈറ്റില്‍ പുതിയ പേജിന്‍റെ ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്. പുതിയ പേജ് തുറന്നെങ്കിലും ഇന്ന് ഉച്ചവരെയായിട്ടും ആകെ രണ്ടു ലൈക്കുകള്‍ മാത്രമാണ് ലഭിച്ചത്.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പോസ്റ്റ് കാര്‍ഡ‍് ന്യൂസിനെതിരെ വന്നിരുന്നത്. ഒട്ടേറെ പേര്‍ ഈ പേജ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പോസ്റ്റ് കാര്‍‍ഡ് ന്യൂസിന്‍റെ സംഘപരിവാര്‍ ബന്ധം ഒരിക്കല്‍ കൂടി പരസ്യപ്പെടുത്തി കര്‍ണാടക ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ ശോഭ കരന്ത്‍ലജെ രംഗത്തുവന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. തങ്ങള്‍ പോസ്റ്റ് കാര്‍ഡ് ന്യൂസ് സംഘത്തിനൊപ്പമാണെന്നും മോദി, ബി.ജെ.പി വിരുദ്ധര്‍ക്കെതിരെ അവര്‍ അഭിനന്ദനം അര്‍ഹിക്കുന്ന പോരാട്ടമാണ് കാഴ്ച വെക്കുന്നതെന്നുമായിരുന്നു ശോഭയുടെ ട്വീറ്റ്.

വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും മൂലം രാജ്യത്ത് ആള്‍ക്കൂട്ടവും സംഘപരിവാറും നിയമം കൈയ്യിലെടുക്കുന്നതും സംശയം തോന്നുന്നവരെ മര്‍ദിച്ചു കൊല്ലപ്പെടുത്തുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു പോസ്റ്റ് കാര്‍ഡിന് പരസ്യ പിന്തുണയുമായി ബി.ജെ.പി നേതാവ് രംഗത്തുവന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് പോസ്റ്റ് കാര്‍ഡ് ന്യൂസിന്‍റെ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്ഡെയെ ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മഹേഷിന്‍റെ അറസ്റ്റിനെതിരെ കേന്ദ്രമന്ത്രിമാര്‍ വരെയാണ് അന്ന് രംഗത്തുവന്നത്.

Similar Posts