India
തമിഴ്‍നാട്ടില്‍ 163 കോടി രൂപയും 100 കിലോ സ്വര്‍ണവും കണ്ടെടുത്തു; ഞെട്ടല്‍ മാറാതെ ആദായ നികുതി വകുപ്പ്
India

തമിഴ്‍നാട്ടില്‍ 163 കോടി രൂപയും 100 കിലോ സ്വര്‍ണവും കണ്ടെടുത്തു; ഞെട്ടല്‍ മാറാതെ ആദായ നികുതി വകുപ്പ്

Web Desk
|
17 July 2018 2:30 PM GMT

റെയ്ഡിനിടെ രാജ്യം കണ്ടതില്‍വച്ച് ഏറ്റവും വലിയ അനധികൃത സ്വത്ത് വേട്ടക്ക് സാക്ഷികളായിരിക്കുകയാണ് തമിഴ്‍നാട്ടിലെ ആദായ നികുതി വകുപ്പ്. 

റെയ്ഡിനിടെ രാജ്യം കണ്ടതില്‍വച്ച് ഏറ്റവും വലിയ അനധികൃത സ്വത്ത് വേട്ടക്ക് സാക്ഷികളായിരിക്കുകയാണ് തമിഴ്‍നാട്ടിലെ ആദായ നികുതി വകുപ്പ്. സംസ്ഥാനത്തെ ഏറ്റവും വലിയ റോഡ് നിര്‍മാണ കമ്പനികളിലൊന്നിന്‍റെ വിവിധ ഓഫീസുകളില്‍ നടത്തിയ റെയ്ഡിലാണ് 163 കോടി രൂപയും 100 കിലോ സ്വര്‍ണവും കണ്ടെടുത്തത്.

സര്‍ക്കാരുമായി സഹകരിച്ച് സംസ്ഥാനത്ത് റോഡ്, ദേശീയപാതാ നിര്‍മാണ, വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കമ്പനിയാണ് എസ്‍.പി.കെ ആന്‍ഡ് കോ എക്സ്‍പ്രസ്‍വേ പ്രൈവറ്റ് ലിമിറ്റഡ്. കമ്പനിയുടെ ഡയറക്ടര്‍ നാഗരാജന്‍ സെയ്യദുരൈയുടെ വീട്ടിലും വിവിധ ഓഫീസുകളിലുമാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഇന്നലെ ആരംഭിച്ച റെയ്ഡിനൊടുവില്‍ കണക്കില്‍പ്പെടാത്ത 163 കോടി രൂപയും നൂറു കിലോ സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.

രാജ്യത്ത് ഇതുവരെ നടന്ന റെയ്ഡുകളില്‍ വച്ച് ഏറ്റവും കൂടുതല്‍ അനധികൃത സ്വത്ത് കണ്ടെടുത്ത സംഭവം ഇവിടെയായിരിക്കുമെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെന്നൈ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് രഹസ്യനീക്കത്തിന് ചുക്കാന്‍ പിടിച്ചത്. എസ്‍.പി.കെ കമ്പനിയും സഹ കമ്പനികളും വ്യാപകമായി നികുതിവെട്ടിപ്പ് നടത്തുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം അതീവ രഹസ്യമായിട്ടായിരുന്നു റെയ്ഡ് നടത്തിയത്. കമ്പനിക്ക് പിറകില്‍ രാഷ്ട്രീയ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും അധികൃതര്‍ പറഞ്ഞു.

Similar Posts