India
ഉന്നതഭരണഘടനാ പദവിയിലുള്ളവരുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി
India

ഉന്നതഭരണഘടനാ പദവിയിലുള്ളവരുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി

Web Desk
|
19 July 2018 2:44 AM GMT

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ എന്നിവരുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിലുള്ളത്. ഈ വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റുകള്‍

രാഷ്ട്രപതിയുടേതടക്കം ഉന്നത ഭരണഘടനാപദവിയിലുള്ളവരുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി. രജിസ്‌ട്രേഷന്‍ നമ്പറുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരം വാഹനങ്ങള്‍ക്ക് മാത്രം നമ്പര്‍ പ്ലേറ്റ് ഇല്ലാത്തത് ജനാധിപത്യത്തിലെ സമത്വത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് ഉത്തരവ്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ എന്നിവരുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിലുള്ളത്. ഈ വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റുകള്‍ എല്ലാവര്‍ക്കും വായിക്കാനാവും വിധം പ്രദര്‍ശിപ്പിക്കണം. മോട്ടോര്‍ വാഹന നിയമത്തിലെ ഈ വ്യവസ്ഥ എല്ലാവര്‍ക്കും ബാധകമാണെന്ന് കോടതി വിധിച്ചു. ഉത്തരവ് വേഗത്തില്‍ നടപ്പാക്കാന്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍ അധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശം നല്‍കി.

വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങള്‍ക്ക് കത്തയച്ചിരുന്നെന്ന് ഉപരിതല ഗതാഗത മന്ത്രാലയം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഓഫീസില്‍ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ഉണ്ടെന്ന് ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റും കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ രാഷ്ട്രപതിയടക്കമുള്ള ഭരണഘടനാ പദവികളില്‍ ഉള്ളവര്‍ സര്‍ക്കാര്‍ മുദ്രകള്‍ ഉപയോഗിക്കുന്നത് ജനാധിപത്യത്തിലെ സമത്വത്തിന് വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരായ ന്യായ ഭൂമിയെന്ന സന്നദ്ധ സംഘടനയുടെ പ്രധാന വാദം.

നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് ദേശീയചിഹ്നമായ അശോകസ്തംഭം പ്രദര്‍ശിപ്പിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ഭീകരര്‍ക്ക് ഉന്നത ഭരണഘടനാ പദവിയിലുള്ള തിരിച്ചറിയാന്‍ ഇത് സഹായകമാകുമെന്നു ഹരജിക്കാര്‍ വാദിച്ചിരുന്നു.

Similar Posts