എയര്‍സെല്‍ - മാക്സിസ് കേസ്: ചിദംബരവും മകനും ഉള്‍പ്പെടെ 18 പേര്‍ പ്രതികള്‍
|കേന്ദ്ര സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് എതിരെ സി.ബി.ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.
എയര്‍സെല്‍ - മാക്സിസ് കേസില്‍ ഡല്‍ഹി പട്യാല കോടതിയില്‍ സി.ബി.ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ ധനമന്ത്രി പി. ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും ഉള്‍പ്പെടെ 18 പേരാണ് പ്രതികള്‍. ഇരുവരെയും അടുത്ത മാസം ഏഴ് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
കേന്ദ്ര സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് എതിരെ സി.ബി.ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ്‍ പ്രൊമോഷന്‍ ബോര്‍ഡ് ക്ലിയറന്‍സുമായി ബന്ധപ്പെട്ട് രണ്ട് സെറ്റ് പണമിടപാട് തട്ടിപ്പ് കണ്ടെത്തിയെന്ന് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രം സ്വീകരിക്കുന്ന കാര്യത്തില്‍ ഈ മാസം 31നാണ് കോടതി തീരുമാനമെടുക്കുക. 2ജി കേസ് പോലെ ഇതും തള്ളുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
കാര്‍ത്തിക്കെതിരെ കഴിഞ്ഞ മാസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ പി. ചിദംബരത്തിന്റെ പേര് പരാമര്‍ശിച്ചിരുന്നെങ്കിലും പ്രതി ചേര്‍ത്തിരുന്നില്ല. രാഷ്ട്രീയ സമ്മര്‍ദം കാരണമാണ് സി.ബി.ഐയുടെ നടപടിയെന്ന് പി. ചിദംബരം പ്രതികരിച്ചു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയതിന് കാര്‍ത്തി പണം കൈപ്പറ്റിയെന്നും ഇതിന് ധനമന്ത്രിയായിരിക്കെ ചിദംബരം സഹായിച്ചുവെന്നുമാണ് കേസ്.