India
പശുവിന്റെ പേരില്‍ കൊല; 28കാരന്‍ ജീവനുവേണ്ടി യാചിക്കുമ്പോഴും പശുക്കളെ  നോക്കിയിരുന്ന പൊലീസ്‌
India

പശുവിന്റെ പേരില്‍ കൊല; 28കാരന്‍ ജീവനുവേണ്ടി യാചിക്കുമ്പോഴും പശുക്കളെ നോക്കിയിരുന്ന പൊലീസ്‌

Web Desk
|
23 July 2018 7:36 AM GMT

പരിക്കേറ്റ റഖ്‌ബര്‍ ഖാനെ(28) മൂന്ന്‌ മണിക്കൂറും 45 മിനുറ്റും കഴിഞ്ഞാണ്‌ പൊലീസ്‌ ആശുപത്രിയിലെത്തിച്ചത്‌. ഇയാളെ ആശുപത്രിയിലെത്തിക്കും മുമ്പ്‌ പിടികൂടിയ പശുക്കളെ തൊഴുത്തിലെത്തിക്കാനായിരുന്നു

രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്ത്‌ ആരോപിച്ച്‌ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ ഇരയുടെ ദുരവസ്ഥക്കു പിന്നില്‍ പൊലീസിന്റെ അനാസ്ഥയും. ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന്‌ ഗുരുതരമായി പരിക്കേറ്റ റഖ്‌ബര്‍ ഖാനെ(28) മൂന്ന്‌ മണിക്കൂറും 45 മിനുറ്റും കഴിഞ്ഞാണ്‌ പൊലീസ്‌ ആശുപത്രിയിലെത്തിച്ചത്‌. ഇയാളെ ആശുപത്രിയിലെത്തിക്കും മുമ്പ്‌ പിടികൂടിയ പശുക്കളെ തൊഴുത്തിലെത്തിക്കാനായിരുന്നു പൊലീസിന് ധൃതി.

ആള്‍ക്കൂട്ട അക്രമത്തെ തുടര്‍ന്ന്‌ ഗുരുതരമായി പരിക്കേറ്റ റഖ്‌ബര്‍ ഖാന്‍ ആശുപത്രിയിലെത്തിക്കും മുമ്പ്‌ മരിച്ചെന്നായിരുന്നു നേരത്തെ പൊലീസ്‌ നല്‍കിയ വിവരം. സംഭവത്തില്‍ അല്‍വാറിലെ ലല്ലവണ്ടി ഗ്രാമത്തില്‍ നിന്നും മൂന്ന്‌ പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ആള്‍ക്കൂട്ടഅതിക്രമത്തിനൊപ്പം പൊലീസിന്റെ ഗുരുതരമായ വീഴ്‌ച്ചയും റഖ്‌ബര്‍ഖാന്റെ മരണത്തിന്‌ കാരണമായെന്നാണ്‌ എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്യുന്നത്‌.

കേസിലെ പ്രഥമവിവര റിപ്പോര്‍ട്ട്‌ പ്രകാരം പുലര്‍ച്ചെ 12.41നാണ്‌ പൊലീസിന്‌ സംഭവത്തെക്കുറിച്ച്‌ വിവരം ലഭിക്കുന്നത്‌. പുലര്‍ച്ചെ 01.15നും 01.20നും ഇടയ്‌ക്ക്‌ പൊലീസ്‌ സംഭവസ്ഥലത്തെത്തി. മര്‍ദ്ദനത്തെ തുടര്‍ന്ന്‌ ശരീരമാകെ ചളിപുരണ്ടിരുന്ന റഖ്‌ബര്‍ ഖാനെ കുളിപ്പിക്കുകയാണ്‌ ആദ്യം പൊലീസുകാര്‍ ചെയ്‌തത്‌.

അതിനുശേഷം ഇയാളെ വാഹനത്തില്‍ കയറ്റി പ്രദേശത്തെ രാഷ്ട്രീയക്കാരനായ നവല്‍ കിഷോര്‍ എന്നയാളുടെ വീട്ടിലേക്ക്‌ പോവുകയാണ്‌ പൊലീസ്‌ ചെയ്‌തത്‌. അവിടെവെച്ച്‌ പശുക്കളെ സുരക്ഷിതമായ സ്ഥലത്തെത്തിക്കുമെന്ന്‌ ഉറപ്പുവരുത്തി. അതിനിടെ റഖ്‌ബര്‍ ഖാനെ പൊലീസ്‌ അടിക്കുന്നത്‌ കണ്ടുവെന്ന സുപ്രധാന വെളിപ്പെടുത്തലും ഗ്രാമീണരില്‍ നിന്നും വന്നിട്ടുണ്ട്‌. അപ്പോഴെല്ലാം ആ യുവാവിന്‌ ജീവനുണ്ടായിരുന്നു.

പിന്നീട്‌ ആശുപത്രിയിലേക്ക്‌ പോകുമ്പോള്‍ വഴിയരികിലെ ചായക്കടയില്‍ നിര്‍ത്തി ചായകുടിക്കാനും പൊലീസ്‌ സംഘം മറന്നില്ല. ഒടുവില്‍ പുലര്‍ച്ചെ നാലു മണിയോടെയാണ്‌ ഇയാളെ ആശുപത്രിയിലെത്തിക്കുന്നത്‌. ആശുപത്രിയിലെത്തുമ്പോഴേക്കും റഖ്‌ബര്‍ ഖാന്‌ ജീവന്‍ നഷ്ടമായിരുന്നെന്ന്‌ ഡോക്ടര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണം നടത്തുമെന്നാണ്‌ ആഭ്യന്തരമന്ത്രി ഗുലാബ്‌ ചന്ദ്‌ കടാരിയ അറിയിച്ചിരിക്കുന്നത്‌.

Related Tags :
Similar Posts