പൊലീസ് ഓഫീസര്‍ക്ക് ആള്‍ദൈവത്തിന്റെ ‘മസാജ്’
|സ്വയം പ്രഖ്യാപിത ആള്‍ദൈവം ഡല്‍ഹി പൊലീസ് ഓഫീസറുടെ തല ‘മസാജ്’ ചെയ്യുന്ന ചിത്രം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ഡല്‍ഹി പൊലീസ് എസ്.എച്ച്.ഒ ഇന്ദര്‍ ലാലാണ് ഔദ്യോഗിക യൂണിഫോം ധരിച്ച്
സ്വയം പ്രഖ്യാപിത ആള്‍ദൈവം ഡല്‍ഹി പൊലീസ് ഓഫീസറുടെ തല 'മസാജ്' ചെയ്യുന്ന ചിത്രം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ഡല്‍ഹി പൊലീസ് എസ്.എച്ച്.ഒ ഇന്ദര്‍ ലാലാണ് ഔദ്യോഗിക യൂണിഫോം ധരിച്ച് ആള്‍ദൈവത്തെ കൊണ്ട് തല മസാജ് ചെയ്യിപ്പിച്ചത്. ചിത്രം പുറത്തുവന്നതോടെ നാണക്കേടുകൊണ്ട് തല കുനിച്ചിരിക്കുകയാണ് ഡല്‍ഹി പൊലീസ്. സംഭവത്തില്‍ ഉന്നത തല അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ വിധേയമായി ഇന്ദറിനെ സസ്പെന്‍ഡ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
സാധിക നമിതാചാര്യ എന്ന വനിതാ ആള്‍ദൈവമാണ് എസ്.എച്ച്.ഒയുടെ തല മസാജ് ചെയ്തത്. ഇതിന്റെ ചിത്രം സാധിക തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. സംഭവം വിവാദമായെങ്കിലും സാധികക്ക് ഉന്നതബന്ധങ്ങളുണ്ടെന്ന് തെളിയിക്കുന്നതാണ് അവരുടെ പേജിലുള്ള മറ്റു ചിത്രങ്ങള്‍. നിരവധി എം.പിമാരും ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ദേവ് ദത്തുമൊക്കെ സാധികയ്ക്കൊപ്പം വേദി പങ്കിടുന്നതിന്റെയും ഉപഹാരങ്ങള്‍ നല്‍കുന്നതിന്റെയുമൊക്കെ ചിത്രങ്ങളും ഫേസ്ബുക്ക് പേജിലുണ്ട്. ഊര്ജഗുരു എന്നാണ് സാധിക സ്വയം വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിവാദ ആള്‍ദൈവം രാധെ മായുമായി ബന്ധപ്പെട്ട രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ ഡല്‍ഹി പൊലീസിലെ രണ്ടു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. രാധെ മാ സ്റ്റേഷന് ഹൌസ് ഓഫീസറുടെ ഔദ്യോഗിക കസേരയിലിരിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് ഇതില്‍ ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത്.