India
വീഡിയോ കോണ്‍ഫറന്‍സിങ് വഴി വാദം കേള്‍ക്കും: ഹരിത ട്രിബ്യൂണലിന്റെ ബെഞ്ചുകള്‍ക്ക് ജീവന്‍ വെക്കുന്നു
India

വീഡിയോ കോണ്‍ഫറന്‍സിങ് വഴി വാദം കേള്‍ക്കും: ഹരിത ട്രിബ്യൂണലിന്റെ ബെഞ്ചുകള്‍ക്ക് ജീവന്‍ വെക്കുന്നു

Web Desk
|
24 July 2018 4:27 AM GMT

ജുഡീഷ്യല്‍ അംഗങ്ങളെ നിയമിയ്ക്കുന്നതില്‍ കാലതാമസം നേരിട്ടതാണ് ബെഞ്ചുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്. 2013 -14 മുതലുള്ള കേസുകള്‍ പ്രാധാന്യമനുസരിച്ചും ക്രമം അനുസരിച്ചും വാദം കേള്‍ക്കും.

ജഡ്ജിമാര്‍ ഇല്ലാതായതോടെ, പ്രവര്‍ത്തനം നിര്‍ത്തിയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ അടക്കമുള്ള ബഞ്ചുകള്‍ക്ക് താല്‍കാലികമായി ജീവന്‍ വെയ്ക്കുന്നു. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍, വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് വാദം കേള്‍ക്കുന്നത്. പ്രധാനപ്പെട്ട കേസുകളുടെ ഫയലുകള്‍ എല്ലാം നേരത്തെ തന്നെ, ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിലേയ്ക്ക് എത്തിച്ചിരുന്നു.

ഏഴുമാസം മുമ്പാണ് ചെന്നൈ ഹരിത ട്രിബ്യൂണലിലെ ജഡ്ജി വിരമിച്ചത്. പിന്നീട്, നിയമനങ്ങള്‍ നടന്നില്ല. കേരളത്തില്‍ നിന്നുള്ളതടക്കം നൂറ് കണക്കിന് കേസുകളാണ് ചെന്നൈയില്‍ മാത്രം കെട്ടിക്കിടക്കുന്നത്. ജുഡീഷ്യല്‍ അംഗങ്ങളെ നിയമിയ്ക്കുന്നതില്‍ കാലതാമസം നേരിട്ടതാണ് ബെഞ്ചുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്. 2013 -14 മുതലുള്ള കേസുകള്‍ പ്രാധാന്യമനുസരിച്ചും ക്രമം അനുസരിച്ചും ഇനിയുള്ള ദിവസങ്ങളില്‍ വാദം കേള്‍ക്കും.

പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ അവധിക്കാല സിറ്റിങിനായി അയച്ച കേസുകള്‍ അന്ന് പരിഗണിച്ചിരുന്നില്ല. ആ കേസുകളാണ് ഇന്നലെ കേട്ടത്. കഴിഞ്ഞ ദിവസമാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കേസുകള്‍ തീര്‍പ്പാക്കണമെന്ന ഉത്തരവ് ദേശീയ ഹരിത ട്രിബ്യൂണല്‍ പുറപ്പെടുവിച്ചത്. ഇതിനുള്ള സാങ്കേതിക സംവിധാനം നേരത്തെ തന്നെ ചെന്നൈ ബഞ്ചില്‍ ഒരുക്കിയിരുന്നു. ചെന്നൈയ്ക്കു പുറമെ പുനെ, ഭോപ്പാല്‍, കൊല്‍ക്കത്ത ബ‍ഞ്ചുകളിലും വീഡിയോ കോണ്‍ഫറന്‍സിങ് സജ്ജീകരിച്ചിട്ടുണ്ട്.

Similar Posts