കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ രാജ്യത്ത് സാമുദായിക സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 294 പേര്‍
|2017ല്‍ രാജ്യത്തുണ്ടായത് 822 സാമുദായിക സംഘര്‍ഷങ്ങളാണ്. ഇതില്‍ 111പേര്‍ കൊല്ലപ്പെട്ടു, 2016 ല്‍ 703 സാമുദായിക സംഘര്‍ഷങ്ങളിലായി 86 പേരും, 2015 ല്‍ 751 സംഘര്‍ഷങ്ങളിലായി 97 പേരും മരിച്ചെന്നും മന്ത്രി
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുണ്ടായ സാമുദായിക സംഘര്‍ഷങ്ങളില്‍ രാജ്യത്ത് 294 പേര്‍ മരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തരസഹമന്ത്രി ഹന്‍സിരാജ് ആഹിര്‍ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം 822 സംഘര്‍ഷങ്ങളിലായി 111 പേര്‍ കൊല്ലപ്പെട്ടെന്നും മന്ത്രി വ്യക്തമാക്കി.
പശ്ചിമ ബംഗാളില്‍ നിന്നുള്ള സിപിഎം എംപി റിതബ്രതാ ബാനര്‍ജിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് രാജ്യത്തെ സാമുദായിക സംഘര്‍ഷങ്ങളുടെ കണക്കുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഹന്‍സിരാജ് ആഹിര്‍ രാജ്യസഭയില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുണ്ടായ 2276 സാമുദായിക സംഘര്‍ഷങ്ങളിലായി 294 പേര്‍ മരിച്ചെന്നാണ് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നത്. 2017 ല്‍ മാത്രം രാജ്യത്തുണ്ടായത് 822 സാമുദായിക സംഘര്‍ഷങ്ങളാണ്. ഇതില്‍ 111 പേര്‍ കൊല്ലപ്പെട്ടു, 2016 ല്‍ 703 സാമുദായിക സംഘര്‍ഷങ്ങളിലായി 86 പേരും,. 2015 ല്‍ 751 സംഘര്‍ഷങ്ങളിലായി 97 പേരും മരിച്ചെന്നും മന്ത്രി അറിയിച്ചു.
അക്രമ സംഭവങ്ങള്‍ക്ക് എതിരെ നടപടി എടുക്കേണ്ടതിന്‍റെയും സാമുദായിക സൌഹൃദം വളര്‍ത്തിയെടുക്കേണ്ടതിന്‍റെയും പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണെന്നും മന്ത്രി ഹന്‍സിരാജ് ആഹിര്‍ വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ രഹസ്യാനേഷണ വിവരങ്ങളുടെ റിപ്പോര്‍ട്ടും, മുന്നറിയിപ്പുകളും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായ സമയത്ത് നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.